കൂണ്‍ കൃഷിക്ക് വായ്പ്പയെടുത്ത സ്ത്രീകളെ ബാങ്ക് പറ്റിച്ചു; കുടുംബശ്രീയും കയ്യൊഴിഞ്ഞു; നിരവധി പേര്‍ ജപ്തി ഭീഷണിയില്‍

single-img
6 January 2018

 

മലപ്പുറം വഴിക്കടവ് ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീയുടെയും കേരള ഗ്രാമീണ്‍ ബാങ്ക് വഴിക്കടവ് ബ്രാഞ്ചിന്റെയും സഹായത്തോടെ കൂണ്‍ കൃഷിക്കിറങ്ങിയ എട്ടു യൂണിറ്റുകളിലെ 41 വനിതകള്‍ ബാങ്കിന്റെ ജപ്തി ഭീഷണിയില്‍.

2014ല്‍ കുടുംബശ്രീയും ഗ്രാമപഞ്ചായത്തും തിരുവനന്തപുരം വിതുര പ്ലാന്റേഷന്‍ സൊസൈറ്റിയുമായി സഹകരിച്ചാണ് കൂണ്‍കൃഷിക്ക് വനിതകളെ തെരഞ്ഞെടുത്തത്. 2.5 ലക്ഷം രൂപ വായ്പയായി ഓരോ യൂണിറ്റിനും നല്‍കുകയും ചെയ്തു. ഒരു യൂണിറ്റില്‍ ആറ് വനിതകളും മറ്റ് യൂണിറ്റുകളില്‍ അഞ്ച് വനിതകള്‍ വീതവുമാണുള്ളത്.

ബാങ്ക് വായ്പയായി നല്‍കിയ രണ്ടരലക്ഷത്തില്‍ ഒരു ലക്ഷം രൂപ കൃഷിഭവനും 50000 രൂപ ജില്ലാ കുടുംബശ്രീ മിഷനും നല്‍കുമെന്നായിരുന്നു വാഗ്ദാനം. ബാങ്ക് പണം നല്‍കിയത് പ്ലാന്റേഷന്‍ സൊസൈറ്റി കോഓര്‍ഡിനേറ്റര്‍ ജയകുമാരന്‍ നായരുടെ വിതുര ഫെഡറല്‍ ബാങ്കിലെ അക്കൗണ്ട് നമ്പറിലേക്കാണ്.

കൂണ്‍ ഷെഡും കൃഷിക്കാവശ്യമായ കൂണ്‍ ഉള്‍പ്പെടെയുളള അനുബന്ധ സാധനങ്ങളും മൂന്നു വര്‍ഷത്തേക്ക് സൗജന്യമായി നല്‍കാമെന്നും കരാറില്‍ ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായി കൂണ്‍ഷെഡ് നിര്‍മിച്ചു നല്‍കുകയും ഒരുതവണ കൂണും അനുബന്ധ സാധനങ്ങളും നല്‍കുകയും ചെയ്തു.

80000 രൂപ മാത്രം ചെലവു വരുന്ന കൂണ്‍ഷെഡിനു അന്നത്തെ പഞ്ചായത്ത് എന്‍ജിനീയറിംഗ് വിഭാഗം 2.60 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കിയത്. തുടക്കത്തില്‍ തന്നെ കൃഷി നഷ്ടമായതോടെ തുടര്‍ കൃഷി ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ കൃഷിഭവനും ജില്ലാ കുടുംബശ്രീ മിഷനും സബ്‌സിഡി നിഷേധിച്ചു.

സബ്‌സിഡി ലഭിക്കുന്നതിനായി മുടക്കം തെറ്റാതെ ഓരോ അംഗങ്ങളും 7000 രൂപയിലധികം ബാങ്ക് വായ്പയിലേക്ക് അടച്ചു. തുടര്‍ന്നുള്ള അടവ് തെറ്റിയതോടെ ബാങ്ക് ജപ്തി നടപടി ആരംഭിച്ചു. പിന്നീട്, 40 ഗഡുക്കളായി തിരിച്ചടയ്ക്കുന്നതിന് അനുവദിക്കുകയും ചെയ്തു.

ആദ്യഗഡുവായി പത്തു ശതമാനം തുക അടയ്ക്കണമെന്നായിരുന്നു വ്യവസ്ഥ. കൂലിപ്പണി ചെയ്യുന്ന വനിതകള്‍ക്ക് ഇത്രയും വലിയ തുക ഒന്നിച്ചടയ്ക്കാന്‍ കഴിഞ്ഞില്ല. നിലവില്‍ പലിശയടക്കം മൂന്നര ലക്ഷം രൂപയോളം ഓരോ യൂണിറ്റും അടയ്ക്കാനുണ്ട്. കാരക്കോട് തനിമ യൂണിറ്റ് തുക മുഴുവന്‍ തിരിച്ചടച്ച് കാര്‍ഷിക വായ്പയാക്കി പുതുക്കി വാങ്ങി.

2014ല്‍ ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍, സിഡിഎസ് പ്രസിഡന്റ്്, വഴിക്കടവ് ഗ്രാപഞ്ചായത്ത് ഭരണസമിതി എന്നിവര്‍ മുന്‍കൈയെടുത്താണ് ജയകുമാരന്‍ നായരെ കൂടി പങ്കെടുപ്പിച്ച് പഞ്ചായത്ത് പരിസരത്ത് യോഗം നടത്തി തങ്ങളെ കബളിപ്പിച്ചതെന്നാണ് ഇവരുടെ പരാതി.

കടക്കാരായി മാറിയതോടെ കുടുംബങ്ങളിലും പ്രശ്‌നങ്ങള്‍ ഉടലെടുത്തതായും ഇവര്‍ പറയുന്നു. ജപ്തി നടപടി വന്നതിനെ തുടര്‍ന്ന് കോടതിയെ സമീപിച്ചിരിക്കുകയാണ് ഇവര്‍. ഏറെ കൊട്ടിഘോഷിച്ച് എടക്കര പഞ്ചായത്തില്‍ ആരംഭിച്ച കൂണ്‍ഗ്രാമവും പരാജയപ്പെട്ടു.

……