ആരോഗ്യമന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം തുടങ്ങി

single-img
6 January 2018

അനര്‍ഹമായി ചികിത്സാ ആനുകൂല്യം കൈപ്പറ്റിയെന്ന പരാതിയില്‍ ആരോഗ്യമന്ത്രി കെകെ ശൈലജയ്‌ക്കെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം തുടങ്ങി. വിജിലന്‍സ് തിരുവനന്തപുരം പ്രത്യേക യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ കഴമ്പുണ്ടോയെന്ന് വിജിലന്‍സ് പരിശോധിക്കും.

ഭര്‍ത്താവിന്റെ ചികിത്സയ്ക്കുള്ള ധനസഹായം മന്ത്രിയെന്ന പദവി ഉപയോഗിച്ച് കെ.കെ ശൈലജ അനധികൃതമായി കൈപ്പറ്റിയെന്നാണ് ആരോപണം. മെഡിക്കല്‍ റീ ഇമ്പേഴ്‌സ്‌മെന്റിന് ഹാജരാക്കിയ ബില്ലുകളില്‍ ആഹാരത്തിന്റെ ബില്ലും ഉള്‍പ്പെട്ടിട്ടുണ്ടെന്നും അതിനും തുക വാങ്ങിയെന്നും ആരോപണം ഉയര്‍ന്നിരുന്നു.

ചില ആശുപത്രികളുടെ പേരില്‍ വ്യാജബില്ലും സമര്‍പ്പിച്ചു എന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. അതിനിടെ, മന്ത്രി 28,000 രൂപയുടെ കണ്ണട വാങ്ങിയെന്നും ആക്ഷേപം ഉയര്‍ന്നു. കാഴ്ചയുമായി ബന്ധപ്പെട്ട് ഡോക്ടര്‍ നിര്‍ദേശിച്ചതുപ്രകാരമാണ് അനുയോജ്യമായ കണ്ണട വാങ്ങിയത്.

വ്യക്തിഹത്യ മാത്രം ഉദ്ദേശിച്ചുള്ള വാര്‍ത്തകള്‍ക്ക് പിന്നില്‍ സര്‍ക്കാരിന്റെ പ്രതിഛായ തകര്‍ക്കുക എന്ന ഗൂഢ ലക്ഷ്യമാണുള്ളതെന്നും മന്ത്രിയുടെ ഓഫീസ് പ്രതികരിച്ചിരുന്നു.