കാന്തപുരത്തിന് പൂര്‍ണപിന്തുണയുമായി കോടിയേരി ബാലകൃഷ്ണന്‍: ‘കാന്തപുരത്തെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ല’

single-img
6 January 2018

കോഴിക്കോട്: കഴിഞ്ഞ ദിവസം ആരംഭിച്ച മര്‍ക്കസ് സമ്മേളനം മുസ്ലിം ലീഗും കോണ്‍ഗ്രസ് നേതാക്കളും ബഹിഷ്‌കരിച്ചിരിക്കെ കാന്തപുരത്തിന് പൂര്‍ണപിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി. കാന്തപുരത്തെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്നും ബഹിഷ്‌കരണം കൊണ്ട് മര്‍ക്കസിനെ തകര്‍ക്കാനാകില്ലെന്നും കോടിയേരി പറഞ്ഞു.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും സമ്മേളനത്തിന്റെ ഭാഗമായി എത്തിയിരുന്നു. കൂടാതെ കേടിയേരിയും സമ്മേളനത്തില്‍ പങ്കെടുത്ത് കാന്തപുരത്തിന് പൂര്‍ണ്ണ പിന്തുണയുമായി രംഗത്ത് എത്തിയതിലൂടെ ഒരു ഇടവേളക്ക് ശേഷമുള്ള കാന്തപുരം എപി വിഭാഗത്തിന്റെയും സിപിഎമ്മിന്റെയും പുതിയ കൂട്ടുകെട്ടാണ് കാണാന്‍ സാധിക്കുന്നത്.

അതേസമയം മര്‍ക്കസ് സമ്മേളനം യുഡിഎഫ് നേതാക്കള്‍ ബഹിഷ്‌കരിച്ചതായി തനിക്കറിയില്ലെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍ ഇന്നലെ പറഞ്ഞിരുന്നു. ഉമ്മന്‍ ചാണ്ടി നേരിട്ട് വിളിച്ച് ബഹിഷ്‌കരണം ഉണ്ടായിട്ടില്ലെന്ന് അറിയിച്ചതായും എ.പി അബൂബക്കര്‍ മുസ്ല്യാര്‍ വിശദമാക്കി.

ആര് പങ്കെടുത്താലും ഇല്ലെങ്കിലും സമ്മേളനം വിജയകരമായി നടക്കും. ആര് വരാത്തതിലും വിഷമമില്ല. ഒക്കെ കണക്ക് തന്നെയാണെന്നും കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍ വിശദമാക്കി. കാരന്തൂര്‍ മര്‍കസ് റൂബി ജൂബിലി സമ്മേളന പരിപാടികളില്‍നിന്ന് മുസ്ലിം ലീഗിനൊപ്പം കോണ്‍ഗ്രസ് നേതാക്കളും വിട്ടുനിന്നേക്കും എന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കാന്തപുരം വിഭാഗത്തിന്റെ നിലപാടുകളാണ് ഇതിന് പ്രധാന കാരണമെന്നായിരുന്നു വാര്‍ത്ത. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനുശേഷം മുസ്ലിം ലീഗും സുന്നി കാന്തപുരം വിഭാഗവും കടുത്ത ശത്രുതയിലാണ്.

മണ്ണാര്‍ക്കാട്ടും മഞ്ചേശ്വരത്തും ലീഗ് സ്ഥാനാര്‍ഥികളെ തോല്‍പിക്കാന്‍ കാന്തപുരം വിഭാഗം പരസ്യമായി രംഗത്തിറങ്ങിയെന്നതാണ് ഇതിന് പ്രധാന കാരണം. മണ്ണാര്‍ക്കാട്ട് ലീഗ് സ്ഥാനാര്‍ഥി എന്‍. ഷംസുദ്ദീനെ തറപറ്റിക്കുമെന്ന് കാന്തപുരം പരസ്യമായി പ്രഖ്യാപിച്ചിരുന്നു.