‘സിപിഎം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അല്ലാതാകുന്നു’: ഗതികെട്ട് കൂട്ടമായി ആളുകള്‍ പുറത്ത് പോവുകയാണ്; സിപിഎമ്മിനെ കടന്നാക്രമിച്ച് സിപിഐ

single-img
6 January 2018

സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ. സിപിഎം കമ്യൂണിസ്റ്റ് പാര്‍ട്ടിയല്ലാതായി കൊണ്ടിരിക്കുന്നുവെന്ന് സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി സി.കെ. ശശിധരന്‍ പറഞ്ഞു. ഗതികെട്ട് കൂട്ടമായി ആളുകള്‍ പുറത്ത് പോവുകയാണ്. സി.പി.എമ്മിന്റെ സൗജന്യം കൊണ്ടല്ല സി.പി.ഐ. ഇവിടം വരെ എത്തിയതെന്നും സി.കെ ശശിധരന്‍ കോട്ടയത്ത് പറഞ്ഞു.

കോടിയേരി എത്ര പച്ചക്കൊടി കാണിച്ചാലും കെ.എം മാണി എല്‍ഡിഎഫിലുണ്ടാകില്ല. നിയമസഭയില്‍ തുണിപൊക്കി പ്രതിഷേധിച്ചവര്‍ മാണിയെ മഹത്വവത്കരിക്കുന്നുവെന്നും ശശിധരന്‍ പറഞ്ഞു. സി.പി.എം കോട്ടയം ജില്ലാ സമ്മേളനത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ മാണിക്ക് അനുകൂലമായ നിലപാട് പറഞ്ഞതിന് പിന്നാലെയാണ് സി.പി.ഐയുടെ രൂക്ഷപ്രതികരണം.

മൂന്നാറിലെ ഭൂമിയുടെ കസ്റ്റോഡിയന്‍ സിപിഎം മന്ത്രി എംഎം മണിയാണെന്നും ഭൂമാഫിയയെ സഹായിക്കുന്ന നിലപാടാണ് ഇവരെപോലുള്ളവര്‍ സ്വീകരിക്കുന്നതെന്നും സി കെ ശശിധരന്‍ പറഞ്ഞു. ഉദ്യോഗസ്ഥരെ മണി ഇടയ്ക്കിടെ വിമര്‍ശിക്കുന്നത് വിദ്യാഭ്യാസമില്ലാത്തതുകൊണ്ടാണ്.

പള്ളിക്കൂടത്തില്‍ പോകാത്തവരാണ് ഉദ്യോഗസ്ഥരെ വിമര്‍ശിക്കുന്നത്. പാവങ്ങള്‍ക്ക് ഭൂമിനല്‍കുക എന്ന സര്‍ക്കാര്‍ നിലപാടിന് തടസ്സംനില്‍ക്കുന്നത് ഭൂമാഫിയയെ സംരക്ഷിക്കുന്ന ഇത്തരക്കാരാണെന്നും അദ്ദേഹം ആരോപിച്ചു. ഭരണം ഉപയോഗിച്ച് പണം മേടിക്കുന്നവര്‍ സിപിഐ അല്ലെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.