കുറ്റിപ്പുറം പാലത്തിനടിയിൽ സൈന്യം ഉപയോഗിക്കുന്ന തരം ഉഗ്രശേഷിയുള്ള കുഴിബോംബുകൾ കണ്ടെത്തി

single-img
6 January 2018

കുറ്റിപ്പുറം ഭാരതപ്പുഴഭാരതപ്പുഴയിൽ കുറ്റിപ്പുറം പാ‍ലത്തിനടിയിൽ നിന്നും സൈന്യം ഉപയോഗിക്കുന്നതരത്തിലുള്ള കുഴിബോംബുകൾ (മൈന്‍) കണ്ടെത്തി. സൈന്യത്തിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ സൂക്ഷിക്കാറുള്ള ഉഗ്രശേഷിയുള്ള ക്ലമോർ മൈനുകൾ എങ്ങനെ ഭാരതപ്പുഴയിലെത്തി എന്ന ചോദ്യമാണു ഉയരുന്നത്.

ശബരിമല ഇടത്താവളമായ മിനിപമ്പയ്‌ക്കു സമീപം, പുഴയില്‍ നീരൊഴുക്കില്ലാത്ത ഭാഗത്തുനിന്നാണു കാലാവധി കഴിഞ്ഞ അഞ്ചു കുഴിബോംബുകള്‍  കണ്ടെടുത്തത്‌. അലക്ഷ്യമായി വലിച്ചെറിഞ്ഞതുപോലെയാണ് ഇവ കാണപ്പെട്ടത്. രണ്ടുതരത്തിലുള്ള കുഴിബോംബുകളാണ് പ്രധാനമായും സൈനികര്‍ ഉപയോഗിക്കുന്നത്. മര്‍ദ്ദം ചെലുത്തുമ്പോള്‍ പ്രവര്‍ത്തിക്കുന്നതും റിമോട്ട് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതും. റിമോട്ട് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വിഭാഗത്തില്‍പ്പെട്ട കുഴിബോംബാണ് കണ്ടെടുത്തത്. 1960 മുതൽ വിവിധ രാജ്യങ്ങളുടെ സൈനികനീക്കങ്ങളിൽ ഉപയോഗിച്ചുവരുന്ന ക്ലേമോർ കുഴിബോംബുകളാണ് ഇവയെന്ന് പോലീസ് പറയുന്നു.

കഴിഞ്ഞ വ്യാഴാഴ്‌ച വൈകിട്ടു വളാഞ്ചേരി സ്വദേശിയായ യുവാവാണു പാലത്തിനു 15 മീറ്റര്‍ അകലെ ബോംബുകള്‍ കണ്ടത്‌. രാത്രി ഒമ്പത് മണിയോടെ ഇയാള്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസും ബോംബ്‌ സ്‌ക്വാഡും സ്‌ഥലത്തെത്തി പരിശോധിച്ചശേഷം ഇവ മലപ്പുറം എ.ആര്‍. ക്യാമ്പിലേക്കു മാറ്റി. തൃശൂര്‍ റേഞ്ച്‌ ഐ.ജി: എം.ആര്‍. അജിത്‌കുമാറിന്റെ നേതൃത്വത്തില്‍ ഫോറന്‍സിക്‌ വിദഗ്‌ദ്ധരും ഡോഗ്‌ സ്‌ക്വാഡും ഉള്‍പ്പെട്ട സംഘം സ്‌ഥലത്തു പരിശോധന നടത്തുകയും ചെയ്തു.

പാലത്തിന്റെ ആറാമത്തെ തൂണില്‍നിന്ന് 30 മീറ്ററോളം അകലെയായാണ് ഇവ കണ്ടെത്തിയത്. മണല്‍പ്പരപ്പില്‍നിന്നാണ് കണ്ടെത്തിയതെങ്കിലും ഈ ഭാഗത്ത് രണ്ടുമാസംമുമ്പുവരെ വെള്ളമുണ്ടായിരുന്നു. വെള്ളത്തിലൂടെ ഒഴുകിവരാനിടയുണ്ടെങ്കിലും അത്രമാത്രം പഴക്കം സഞ്ചികളിലും മറ്റും കണ്ടെത്തിയിട്ടില്ല.

റിപ്പബ്ലിക്‌ ദിനാഘോഷത്തിനു മുന്നോടിയായി കുഴിബോംബുകള്‍ കണ്ടെടുത്തത്‌ അന്വേഷണസംഘം ഗൗരവത്തിലെടുത്തിട്ടുണ്ട്‌. ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)യും മിലിട്ടറി ഇന്റലിജന്‍സും ഇന്നു സ്‌ഥലം സന്ദര്‍ശിച്ച്‌ പരിശോധന നടത്തും.

1999-ല്‍ നിര്‍മിച്ചതാണ് ബോംബുകളെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. 20 വര്‍ഷംവരെ ഉപയോഗിക്കാന്‍ കഴിയുന്നവയാണിവ. കാലാവധിക്കുശേഷം പരിശോധനയ്ക്ക് വിധേയമാക്കി ഉപയോഗയോഗ്യമാക്കുകയാണ് പതിവ്. 20 മീറ്റര്‍ ചുറ്റളവില്‍ പ്രഹരശേഷിയുള്ള ശക്തിയേറിയ ഈ ബോംബുകൾ സൈന്യത്തിനു പുറമേ മാവോയിസ്റ്റുകളും ഉപയോഗിക്കാറുണ്ട്.