സൗദി അറേബ്യയില്‍ ‘വാറ്റില്‍’ ഇളവിന് സാധ്യത

single-img
5 January 2018

സൗദിയില്‍ ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകള്‍ മൂല്യ വര്‍ധിത നികുതിയില്‍ നിന്ന് ഒഴിവാക്കിയേക്കും എന്ന് റിപ്പോര്‍ട്ടുകള്‍. ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ജദാന്‍ പ്രാദേശിക ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കിയതായി അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്തെ പൗരന്മാര്‍ക്ക് ഏറ്റവും അനിവാര്യമായ രണ്ട് മേഖല എന്ന നിലക്കും അടിസ്ഥാന ആവശ്യം എന്ന നിലക്കുമാണ് ചികിത്സയും വിദ്യാഭ്യാസവും നികുതിയില്‍ നിന്ന് ഒഴിവാക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്. മരുന്നിന് വാറ്റ് ബാധകമല്ലെന്ന് ധനകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

നികുതി ഇളവ് ലഭിച്ചാല്‍ അത് സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ആരോഗ്യ കേന്ദ്രങ്ങള്‍ക്കും ആശുപത്രികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാധകമായിരിക്കുമെന്നും ധനകാര്യ മന്ത്രി പറഞ്ഞു. നികുതി ഒഴിവുള്ള വകുപ്പുകളെക്കുറിച്ച് വിശദമായ വിവരം ജനറല്‍ അതോറിറ്റി ഓഫ് സകാത്ത് ആന്റ് ടാക്‌സിന്റെ കീഴിലുള്ള വെബ്‌സൈറ്റില്‍ ലഭ്യമാണ്.

അതേസമയം സൗദിയിയില്‍ മൂല്യ വര്‍ധിത നികുതി പ്രാബല്യത്തില്‍ വന്ന സാഹചര്യത്തില്‍ ടാക്‌സ് കൃത്രിമം കണ്ടെത്താന്‍ വാണിജ്യ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തും. ധനകാര്യ മന്ത്രാലയത്തിന് കീഴിലെ സകാത്ത് ആന്റ് ടാക്‌സ് അതോറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

പരിശോധകര്‍ക്ക് ടാക്‌സുമായി ബന്ധപ്പെട്ട വിഷയത്തില്‍ സ്ഥാപനത്തിലെ കണക്കുകള്‍ പരിശോധിക്കാനും കൃത്രിമം കണ്ടെത്തിയാല്‍ തീരുമാനമെടുക്കാനും അധികാരമുണ്ടായിരിക്കും. പരിശോധകരുടെ ദൗത്യത്തിന് പ്രയാസം സൃഷ്ടിക്കുന്ന നടപടികള്‍ സ്ഥാപന അധികൃതരില്‍ നിന്നുണ്ടായാല്‍ 50,000 റിയാല്‍ വരെ പിഴ ചുമത്തും. ടാക്‌സുമായി ബന്ധപ്പെട്ട പരാതികള്‍ 19993 എന്ന ഏകീകൃത നമ്പറില്‍ അറിയിക്കണമെന്നും അതോറിറ്റി അഭ്യര്‍ഥിച്ചു.