തമിഴ്‌നാട്ടില്‍ മിന്നല്‍ ബസ് പണിമുടക്ക്: യാത്രക്കാര്‍ പെരുവഴിയില്‍; ജനജീവിതം സ്തംഭിച്ചു

single-img
5 January 2018

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിനു കീഴിലുള്ള ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനിലെ ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്കില്‍ ജനജീവിതം സ്തംഭിച്ചു. വേതനവര്‍ധന ആവശ്യപ്പെട്ടുകൊണ്ടാണ് ജീവനക്കാര്‍ പണിമുടക്കുന്നത്. വ്യാഴാഴ്ച വൈകിട്ട് ആറോടെയായിരുന്നു ഡി.എം.കെ., ഇടതുപക്ഷം അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണയ്ക്കുന്ന യൂണിയനുകള്‍ സമരം തുടങ്ങിയത്.

നാല്‍പത് ശതമാനത്തിലേറെ വരുന്ന സര്‍വീസുകള്‍ മുടങ്ങിയതോടെ ഓഫീസ് ജീവനക്കാര്‍ അടക്കമുള്ളവര്‍ പെരുവഴിയിലായി.
വേതനവര്‍ധന സംബന്ധിച്ച് ഗതാഗത മന്ത്രി എം.ആര്‍. വിജയഭാസ്‌കറുമായി വ്യാഴാഴ്ച നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനു പിന്നാലെയാണ് ജീവനക്കാര്‍ സമരവുമായി രംഗത്തിറങ്ങിയത്. ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും ഉള്‍പ്പെടെ നിരവധി ജീവനക്കാരാണ് സമരം നടത്തുന്നത്.

വേതനവര്‍ധന സംബന്ധിച്ച തങ്ങളുടെ ആവശ്യം അംഗീകരിക്കും വരെ സമരം തുടരുമെന്ന് നേതാക്കള്‍ വ്യക്തമാക്കി. ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെ.യെ പിന്തുണയ്ക്കുന്ന യൂണിയനിലെ ജീവനക്കാര്‍ സമരത്തില്‍ പങ്കെടുക്കുന്നില്ല. ഗതാഗത വകുപ്പ് അധികൃതരും യൂണിയന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ച അഞ്ച് മണിക്കൂറിലേറെ നീണ്ടിട്ടും ഫലം കണ്ടില്ല.

കുറഞ്ഞ വേതനം 19,500 രൂപയാക്കുന്ന വിധത്തില്‍ വേതന വര്‍ധന നടപ്പാക്കണമെന്നാണ് യൂണിയനുകളുടെ ആവശ്യം. എന്നാല്‍, 17,700 രൂപയായി ഉയര്‍ത്താമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് തുല്യമായ വേതനം തങ്ങള്‍ക്കും നല്‍കണമെന്നാണ് ബസ് ജീവനക്കാരുടെ ആവശ്യം.

പലയിടങ്ങളിലും ബസുകള്‍ സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ചതിനുശേഷം ജീവനക്കാര്‍ പ്രതിഷേധ പ്രകടനം നടത്തി. ബസ് സമരം പ്രഖ്യാപിച്ചതോടെ സബര്‍ബന്‍ തീവണ്ടികളില്‍ തിരക്ക് ക്രമാതീതമായി. മെട്രോ തീവണ്ടികളിലും യാത്രക്കാരുടെ എണ്ണം വര്‍ധിച്ചു. എന്നാല്‍, പ്രധാന പല റൂട്ടുകളിലേക്കും മെട്രോ സര്‍വീസില്ലാത്തതിനാല്‍ ദുരിതം കാര്യമായി കുറഞ്ഞില്ല.