തോമസ് ചാണ്ടിയെ തള്ളി സര്‍ക്കാര്‍ ഹൈക്കോടതിയില്‍: ‘തോമസ് ചാണ്ടി അനധികൃതമായി നിലംനികത്തി’

single-img
5 January 2018

ഭൂമി കയ്യേറ്റത്തില്‍ മുന്‍ മന്ത്രി തോമസ് ചാണ്ടിയെ തള്ളി സര്‍ക്കാര്‍. തോമസ് ചാണ്ടി അനധികൃതമായി ഭൂമി നികത്തിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഉപഗ്രഹ ചിത്രങ്ങളടക്കമുള്ള റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചത്. രേഖകളില്‍ അവ്യക്തതയുണ്ടെന്ന് തോമസ് ചാണ്ടി ചൂണ്ടിക്കാട്ടിയപ്പോള്‍ വിഷയം ജില്ലാ കളക്ടര്‍ മുമ്പാകെ ഉന്നയിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

എതിര്‍പ്പറിയിക്കാന്‍ പത്ത് ദിവസത്തെ സമയവും അനുവദിച്ചിട്ടുണ്ട്. തോമസ് ചാണ്ടിയുടെ കേസ് സംബന്ധിച്ച് കോടതി സര്‍ക്കാരിന്റെ നിലപാട് ആരാഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉപഗ്രഹ ചിത്രം അടക്കമുള്ള രേഖകള്‍ സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയിരിക്കുന്നത്.

നിലം നികത്തല്‍ സംബന്ധിച്ച പരാതികള്‍ ഉയര്‍ന്നപ്പോള്‍ നിയമസഭയിലും പുറത്തും തോമസ് ചാണ്ടിയെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍, വിശദമായ തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ തോമസ് ചാണ്ടിക്കെതിരേ റിപ്പോര്‍ട്ട് നല്‍കിയത്.

നേരത്തെ, തോമസ് ചാണ്ടിക്കും ആലപ്പുഴയിലെ മുന്‍ കലക്ടര്‍ക്കും മുന്‍ സബ് കലക്ടര്‍ക്കുമെതിരെ കേസ് റജിസ്റ്റര്‍ ചെയ്തു പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. തോമസ് ചാണ്ടിക്കും ഉദ്യോഗസ്ഥര്‍ക്കും എതിരെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യല്‍, ഗൂഢാലോചന, അഴിമതിനിരോധന നിയമ ലംഘനം, നിലംനികത്തല്‍ നിരോധന നിയമ ലംഘനം, പൊതുമുതല്‍ അപഹരണം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുക്കാനാണു കോടതി നിര്‍ദേശം.

പ്രഥമവിവര റിപ്പോര്‍ട്ട് 18നു കോടതിയില്‍ ഹാജരാക്കണമെന്നും വിജിലന്‍സ് എന്‍ക്വയറി കമ്മിഷണര്‍ ആന്‍ഡ് സ്‌പെഷല്‍ ജഡ്ജി ഉത്തരവിട്ടിരുന്നു. വിജിലന്‍സ് റേഞ്ച് എസ്പി ജോണ്‍സണ്‍ ജോസഫ് അന്വേഷണ റിപ്പോര്‍ട്ട് മുദ്രവച്ച രണ്ടു കവറുകളിലാണു കോടതിയില്‍ സമര്‍പ്പിച്ചത്.