കിടക്കയുടെ അടിയില്‍ കരിമൂര്‍ഖന്‍; ഉറങ്ങിക്കിടന്ന ഒന്‍പതു വയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു

single-img
5 January 2018

പ്രപവി പ്രവത് എന്ന ഒന്‍പതു വയസ്സുകാരിയെ സ്‌കൂളിലേക്കയക്കുന്നതിനായി രാവിലെ മുത്തശ്ശി ഉണര്‍ത്താനെത്തിയപ്പോഴാണ് കുട്ടി അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് സഹായത്തിനായി ആളുകളെ വിളിച്ചു കൂട്ടി. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു.

എന്നാല്‍ മുത്തശ്ശി വിളിക്കാനെത്തുന്നതിനും ഏതാണ്ട് എട്ടു മണിക്കൂര്‍ മുമ്പു തന്നെ കുട്ടി മരണപ്പെട്ടിരുന്നുവെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. പിന്നീട് പോലീസില്‍ വിവരം അറിയിച്ചു. പൊലീസെത്തി നടത്തിയ പരിശോധനയില്‍ കുട്ടിയുടെ ചൂണ്ടുവിരലില്‍ കടിയേറ്റ ചുവന്ന ചെറിയ പാടു കണ്ടെത്തി.

തുടര്‍ന്ന് വീട്ടില്‍ പോലീസെത്തി പരിശോധിച്ചപ്പോള്‍ കിടക്കയുടെ അടിയില്‍ ചുരുണ്ടു കൂടി കിടക്കുന്ന നിലയില്‍ രണ്ടു മീറ്ററോളം നീളമുള്ള കരിമൂര്‍ഖനെ കണ്ടെത്തി. പാമ്പിനെ നാട്ടുകാര്‍ ഉടന്‍ തന്നെ തല്ലിക്കൊന്നു. കുട്ടി പാമ്പിന്റെ കടിയേറ്റത് അറിഞ്ഞിരിക്കില്ലെന്നും ഉറക്കത്തില്‍ തന്നെ മരിച്ചിരിക്കാമെന്നുമാണ് നിഗമനം.

തായ്‌ലന്‍ഡിലെ സൂറത് താനിയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. തണുപ്പു കാലമായതിനാല്‍ ചൂടന്വേഷിച്ചാകാം പാമ്പ് കിടക്കയിലേക്കെത്തിയതെന്നാണു കരുതുന്നത്. കുട്ടിയുടെ അച്ചനും അമ്മയും വേര്‍പിരിഞ്ഞതിനെ തുടര്‍ന്ന് പ്രവത് മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പമായിരുന്നു താമസം.