പ്രതിഷേധം ഫലംകണ്ടു: എസ്.ബി.ഐ മിനിമം ബാലന്‍സ് നിബന്ധന ഒഴിവാക്കുന്നു

single-img
5 January 2018

രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് ആയ എസ്.ബി.ഐ മിനിമം ബാലന്‍സ് നിബന്ധന ഒഴിവാക്കിയേക്കും. വ്യാപകമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. മിനിമം ബാലന്‍സില്ലാത്ത അക്കൗണ്ട് ഉടമകളില്‍നിന്നു പിഴ ഈടാക്കുന്നതില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കു ഒന്നാംസ്ഥാനമാണെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

കഴിഞ്ഞ ഏപ്രില്‍ മുതല്‍ നവംബര്‍ വരെ മിനിമം ബാലന്‍സ് നിലനിര്‍ത്താത്തതിനു ബാങ്കുകള്‍ അക്കൗണ്ട് ഉടമകളില്‍നിന്നു പിഴയിനത്തില്‍ 2,320 കോടി രൂപ ഈടാക്കിയപ്പോള്‍ എസ്.ബി.ഐ. മാത്രം സ്വന്തമാക്കിയത് 1,771 കോടിയായിരുന്നു. ജൂലൈസെപ്റ്റംബര്‍ പാദത്തില്‍ എസ്.ബി.ഐയുടെ അറ്റാദായത്തേക്കാള്‍ കൂടുതലാണു പിഴയിലൂടെ ലഭിച്ച വരുമാനം.

ഇതോടെ വ്യാപക പ്രതിഷേധമാണ് എസ്.ബി.ഐക്കെതിരെ ഉയര്‍ന്നത്. നഗര പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളില്‍ 3000 രൂപ മിനിമം നിലനിറുത്തണമെന്നായിരുന്നു എസ്.ബി.ഐയുടെ നിബന്ധന. പ്രതിഷേധം രൂക്ഷമായ സാഹചര്യത്തില്‍ മിനിമം ബാലന്‍സ് നിബന്ധന 1000 രൂപയാക്കി നിജപ്പെടുത്താനാണ് സ്റ്റേറ്റ് ബാങ്കിന്റെ നീക്കം.

എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗികമായ വിശദീകരണം എസ്.ബി.ഐയുടെ ഭാഗത്തു നിന്നും ലഭിച്ചിട്ടില്ല. അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മിനിമം ബാലന്‍സ് നിര്‍ബന്ധമാക്കിയ എസ്.ബി.ഐ, ബേസിക് സേവിങ്‌സ് അക്കൗണ്ടുകളെയും ജന്‍ധന്‍ അക്കൗണ്ടുകളെയും മാത്രം ഒഴിവാക്കി.

നാല്‍പത്തിരണ്ട് കോടി അക്കൗണ്ടുകളാണ് എസ്.ബി.ഐയ്ക്കുളളത്. ജൂലൈ നവംബര്‍ മാസങ്ങളില്‍ 1,551 കോടി രൂപയായിരുന്നു ബാങ്കിന്റെ അറ്റാദായം. ഏപ്രില്‍ സെപ്റ്റംബര്‍ കാലയളവിലെ ബാങ്കിന്റെ ലാഭമായ 3,586 കോടി രൂപയുടെ പകുതിയോളം വരും പിഴ വരുമാനം.