രാജ്യത്ത് വിലക്കയറ്റം രൂക്ഷമായേക്കും: പെട്രോള്‍ ഡീസല്‍ വിലയും കുത്തനെ കൂടും

single-img
5 January 2018

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്കു വില ഉയരുന്നത് ഇന്ത്യയെ സാരമായി ബാധിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. രാജ്യാന്തര വിപണിയില്‍ എണ്ണവില 30 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ പെട്രോള്‍, ഡീസല്‍ വില ഉയര്‍ന്നേക്കും എന്നാണ് സൂചന.

ഇത് വിപണിയില്‍ വിലക്കയറ്റം രൂക്ഷമാക്കുകയും ചെയ്യും. ബ്രെന്റ് ക്രൂഡിന്റെ വില ഇന്നലെ ബാരലിന് (159 ലീറ്റര്‍) 68.13 ഡോളറായി. 2015 മേയിലെ വിലനിലവാരത്തിലേക്കാണ് വിപണി ഇപ്പോള്‍ എത്തിയിരിക്കുന്നത്. അന്നത്തെ വില ബാരലിന് 68.19 ഡോളറായിരുന്നു.

ഒപെക് രാജ്യങ്ങളും റഷ്യയും ഉല്‍പാദന നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍, മറ്റൊരു പ്രമുഖ എണ്ണ ഉല്‍പാദക രാജ്യമായ ഇറാനില്‍ അടുത്ത ദിവസങ്ങളില്‍ ഉണ്ടായ അക്രമസംഭവങ്ങളാണ് രാജ്യാന്തര വിപണിവിലയില്‍ ഇപ്പോള്‍ പ്രതിഫലിക്കുന്നത്.

ഏഷ്യന്‍ ഓഹരി വിപണി ഉയരങ്ങളിലേക്കു കുതിക്കുന്നതും പ്രധാന സാമ്പത്തിക ശക്തികളായ അമേരിക്ക, ജപ്പാന്‍, ജര്‍മനി എന്നിവിടങ്ങളില്‍ നിന്നുള്ള സാമ്പത്തിക റിപ്പോര്‍ട്ടുകള്‍ അനുകൂലമായതും വിലവര്‍ധനയ്ക്കു കാരണമാണെന്ന് വിപണിവൃത്തങ്ങള്‍ പറയുന്നു.