കുരിശുമലയിലേക്ക് വിശ്വാസികള്‍ നടത്തിയ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം: പോലീസ് ലാത്തി വീശി; വൈദികരും കന്യാസ്ത്രീകളും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്

single-img
5 January 2018

തിരുവനന്തപുരം വിതുര ബോണക്കാട് കുരിശുമലയിലേക്ക് നെയ്യാറ്റിന്‍കര രൂപതയുടെ കീഴിലുളള വിശ്വാസികള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. വൈദികരും കന്യാസ്ത്രീകളും ഉള്‍പ്പെടെ നിരവധി വിശ്വാസികള്‍ക്കും പൊലീസുകാര്‍ക്കും പരുക്കേറ്റു. പൊലീസിന്റെ ബാരിക്കേഡ് തകര്‍ത്ത് മുന്നോട്ടുനീങ്ങാന്‍ വിശ്വാസികള്‍ ശ്രമിച്ചതാണ് പൊലീസ് നടപടിക്ക് കാരണം.

പൊലീസിനുനേരെയും തിരിച്ചും കല്ലേറുണ്ടായി. നൂറുകണക്കിന് വിശ്വാസികളാണ് കുരിശുമലയില്‍ തകര്‍ന്ന കുരിശിനു പകരം പുതിയ കുരിശ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് നടത്തിയത്. ബോണക്കാട് കുരിശു മലയില്‍ 60 വര്‍ഷം മുമ്പ് സ്ഥാപിച്ച കുരിശ് തകര്‍ത്തതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം. ഇതേത്തുടര്‍ന്ന് ഇങ്ങോട്ടുള്ള സന്ദര്‍ശനവും വിലക്കിയിരുന്നു.

വര്‍ഷങ്ങളായി ജനുവരിയിലെ ആദ്യവെള്ളിയാഴ്ചയില്‍ വിശ്വാസികള്‍ കുരിശുമല യാത്ര നടത്താറുണ്ട്. ഇത് കയ്യേറ്റഭൂമിയാണെന്ന് ആരോപിച്ച് ഇവിടുത്തെ കുരിശുകളും ആരാധനയ്ക്കായി സ്ഥാപിച്ചിരുന്ന അള്‍ത്താരയും ചിലര്‍ തകര്‍ത്തിരുന്നു. എന്നാല്‍ കുരിശ് തകര്‍ത്തത് വനംവകുപ്പല്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

ഇടിമിന്നലില്‍ കുരിശ് തകര്‍ന്നുവെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. എന്നാല്‍ അതു തള്ളി ചില വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സാമൂഹ്യവിരുദ്ധരാണ് കുരിശ് നശിപ്പിച്ചതെന്നാണ് സഭ പറയുന്നത്. കഴിഞ്ഞ വര്‍ഷത്തെ സംഘര്‍ഷത്തിനു പിന്നാലെ വര്‍ഷത്തിലെ ആദ്യത്തെ വെള്ളിയാഴ്ചയായ ഇന്നാണ് വിശ്വാസികള്‍ ബോണക്കാട് കുരിശുമല കയറാന്‍ എത്തിചേര്‍ന്നത്.

എന്നാല്‍ കാണിത്തടം എന്ന പ്രദേശത്ത് വെച്ച് വിശ്വാസികളെ വനംവകുപ്പ് തടയുകയായിരുന്നു. കോടതി വിധി നിലനില്‍ക്കുന്നതിനാല്‍ കയറ്റിവിടാനാകില്ലെന്ന് വനംവകുപ്പും, പോലീസും നിലപാട് എടുത്തു. എന്നാല്‍ ബാരിക്കേടുകള്‍ തകര്‍ത്ത് വിശ്വാസികള്‍ നീങ്ങി. ഇതേതുടര്‍ന്നാണ് പ്രദേശത്ത് വന്‍ സംഘര്‍ഷം ഉടലെടുത്തത്.

രൂപതയിലെ കെഎല്‍സിഎ, കെസിവൈഎം, കെഎല്‍സിഡബ്ല്യുഎ, ഭക്ത സംഘടനകള്‍ എന്നിവയാണ് കുരിശുയാത്രക്ക് നേതൃത്വം നല്‍കിയത്. കുരിശുയാത്രക്ക് വേണ്ട സഹായങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് വനംവകുപ്പ് മന്ത്രി, സിസിഎഫ്, ഡിഎഫ്ഒ, റൂറല്‍ എസ്പി, ഡിവൈഎസ്പി തുടങ്ങിയവര്‍ക്ക് കുരിശുമല സംരക്ഷണ സമിതി കത്ത് നല്‍കിയിരുന്നു. രൂപതയിലെ 247 ദേവാലയങ്ങളിലെ വിശ്വാസികളുടെ പ്രാതിനിധ്യം ഉറപ്പിച്ചാണ് നെയ്യാറ്റിന്‍കര രൂപതയുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ എത്തിയത്.