ഈഴവശാന്തിയെ പുറത്താക്കാൻ തിട്ടൂരം: കാണിക്ക എണ്ണാൻ അനുവദിക്കാതെ സമ്മർദ്ദ തന്ത്രം

single-img
5 January 2018

ഈഴവശാന്തിയെകൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിൽ ദേവസ്വം ബോർഡ് വക ക്ഷേത്രത്തിലെ ഈഴവ ശാന്തിയെ പുറത്താക്കാൻ ക്ഷേത്രോപദേശകസമിതിയിലെ ചിലർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ട്. ഈഴവ മേൽശാന്തിയെ ക്ഷേത്രത്തിൽ നിന്ന് പുറത്താക്കാതെ കാണിക്കവഞ്ചി എണ്ണാൻ അനുവദിക്കില്ലെന്നായിരുന്നു  ഭീഷണിയെന്ന് കേരളകൌമുദി റിപ്പോർട്ട് ചെയ്യുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള കരുനാഗപ്പള്ളി വവ്വാക്കാവ് പുലിയൻകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെത്തിയ കരുനാഗപ്പള്ളി അസി. കമ്മിഷണറും സബ് ഗ്രൂപ്പ് ഓഫീസറും ഭീഷണിയെ തുടർന്ന് മടങ്ങിപ്പോയി.

ഏകദേശം മുപ്പതുകൊല്ലമായി ശാന്തിപ്പണി ചെയ്തുവരുന്ന നവരംഗം ചരുവിൽ അശോകനെയാണു പുറത്താക്കണമെന്ന്  ക്ഷേത്രോപദേശകസമിതിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. കഴിഞ്ഞ രണ്ടരവർഷമായി പുലിയൻകുളങ്ങര ക്ഷേത്രത്തിലെ പൂജാരിയായ അശോകൻ ഈഴവ വിഭാഗത്തിൽപ്പെട്ടയാളാണു. മുന്‍പും അശോകനെതിരെ സമീപ പ്രദേശങ്ങളില്‍ പോസ്റ്ററുകളും ബാനറുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നും പല വിധത്തിലും അപമാനിക്കാന്‍ ശ്രമിച്ചതിനു ശേഷമാണ് ഇപ്പോഴത്തെ ഭീഷണിയെന്നും ‘കേരള കൗമുദി’ പുറത്തു വിട്ടിട്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

ക്ഷേത്രത്തിലെ കഴകം ജോലികൾ ചെയ്തുവരുന്ന ഉഷ എന്ന സ്ത്രീയേയും പുറത്താക്കണമെന്ന് ഇവർ ആവശ്യപ്പെടുന്നുണ്ട്. ഉഷയും ഈഴവ വിഭാഗത്തിൽപ്പെട്ടയാളാണു. ഉഷ ജോലിയിൽ നിന്ന് വിരമിക്കാൻ രണ്ടുവർഷം മാത്രമാണ് ശേഷിക്കുന്നത്.

ജാതിയുടെ പേരിൽ അശോകനെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രൻ, സംവരണ സംരക്ഷണ ഏകോപന സമിതി സംസ്ഥാന പ്രസിഡന്റും എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റുമായ മോഹൻ ശങ്കർ, കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ. സോമരാജൻ, പ്രസിഡന്റ് കെ. സുശീലൻ എന്നിവർ ആവശ്യപ്പെട്ടു. അശോകന് ഐക്യദാർഢ്യവുമായി എസ്.എൻ.ഡി.പി യോഗം, കെ.ഡി.എഫ് നേതാക്കൾ ഇന്ന് രാവിലെ 10ന് ക്ഷേത്രം സന്ദർശിക്കും.