12 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടം: ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം

single-img
5 January 2018

ദക്ഷിണാഫ്രിക്കയുമായുള്ള ആദ്യ ടെസ്റ്റ് മല്‍സരത്തില്‍ ഇന്ത്യയ്ക്കു മികച്ച തുടക്കം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് 12 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി. ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ എല്‍ഗറിനെ പുറത്താക്കി ഭുവനേശ്വര്‍ കുമാര്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ പ്രഹരമേല്‍പ്പിക്കുകയായിരുന്നു.

അക്കൗണ്ട് തുറക്കും മുമ്പ് എല്‍ഗര്‍ ക്രീസ് വിട്ടു. പിന്നീട് മൂന്നാം ഓവറില്‍ ഭുവന്വേശര്‍ വീണ്ടും പ്രഹരമേല്‍പ്പിച്ചു. അഞ്ചു റണ്‍സെടുത്ത എയ്ഡന്‍ മക്രാമിനെ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. പിന്നീട് അപകടകാരിയായ ഹാഷിം അംലയെയും ഭുവനേശ്വര്‍ പുറത്താക്കി.

മൂന്നു റണ്‍സെടുത്ത അംലയെ നിലയുറപ്പിക്കും മുമ്പ് ഭുവനേശ്വര്‍ വിക്കറ്റ് കീപ്പര്‍ സാഹയുടെ കൈകളിലെത്തിക്കുകയായിരുന്നു. ഇതോടെ ദക്ഷിണാഫ്രിക്കയില്‍ നായകന്‍ വിരാട് കോഹ്ലി പോലും സ്വപ്നം കാണാത്ത തുടക്കം ഇന്ത്യക്കു നല്‍കാന്‍ ഭുവനേശ്വര്‍ കുമാറിനായി.

ഡെയ്ല്‍ സ്റ്റെയ്‌നുള്‍പ്പെടെ നാലു ഫാസ്റ്റ് ബോളര്‍മാരെയും ടീമിലുള്‍പ്പെടുത്തിയാണ് ദക്ഷിണാഫ്രിക്ക ആദ്യ പോരാട്ടത്തിനിറങ്ങുന്നത്. മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിങ്ങനെ മൂന്ന് ഫാസ്റ്റ് ബോളര്‍മാരെ ഇന്ത്യയും ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്.

ബുംറയുടെ ആദ്യ ടെസ്റ്റ് മല്‍സരമാണിത്. അരങ്ങേറ്റ ടെസ്റ്റിനിറങ്ങുന്ന ജസ്പ്രീത് ബുംറയ്ക്ക് ഇന്ത്യന്‍ നായകന്‍ വിരാട് കോലി ആശംസകള്‍ നേര്‍ന്നു. പനി ബാധിച്ച ആള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ കളിക്കുന്നില്ല. ശിഖര്‍ ധവാനും മുരളി വിജയിയും ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യും.

ന്യൂലാന്റില്‍ 2001 മുതല്‍ നടന്ന 14 മത്സരങ്ങളില്‍ പതിനൊന്നിലും ആദ്യം ബാറ്റ് ചെയ്ത ടീം പരാജയപ്പെട്ട ചരിത്രമാണുള്ളത്. എന്നാല്‍ കണക്കുകളില്‍ താന്‍ വിശ്വസിക്കുന്നില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഡുപ്ലിസ് പറഞ്ഞു.