ദേശീയ ഹജ്ജ് നയത്തിന് സ്റ്റേയില്ല

single-img
5 January 2018

ദേശീയ ഹജ്ജ് നയം തുടരാമെന്ന് സുപ്രീം കോടതി. അപേക്ഷകളുടെ നറുക്കെടുപ്പുമായി മുന്നോട് പോകാമെന്നും കോടതി ഉത്തരവിട്ടു. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഹജ്ജ് നയത്തിനെതിരെ കേരള ഹജ്ജ് കമ്മിറ്റി നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് നയം സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമതിച്ചത്.

ഹര്‍ജി ജനുവരി 30 കോടതി വീണ്ടും പരിഗണിക്കും. എന്നാല്‍, സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ഇരുപത്തിയഞ്ച് ശതമാനം ക്വാട്ട നല്‍കുന്നത് എന്തിനെന്ന് കേന്ദ്രസര്‍ക്കാര്‍ രണ്ടാഴ്ചയ്ക്കകം വിശദീകരിക്കണം. സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ രണ്ടിരട്ടി തുകയാണ് ഈടാക്കുന്നതെന്ന കാര്യം കേരള ഹജ് കമ്മിറ്റി കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് നടപടി.

ക്വാട്ട നിശ്ചയിക്കുന്നതില്‍ ജനസംഖ്യാ അനുപാതമല്ല, അപേക്ഷകരുടെ എണ്ണമാണ് മാനദണ്ഡമാക്കേണ്ടതെന്ന് കേരള ഹജ് കമ്മിറ്റി വാദിച്ചു. സൗദി സര്‍ക്കാര്‍ ഒരു ലക്ഷത്തി എഴുപത്തയ്യായിരം സീറ്റുകള്‍ അനുവദിച്ചു. പത്തൊന്‍പതിനായിരം അപേക്ഷകള്‍ സമര്‍പ്പിച്ച കേരളത്തിന് അയ്യായിരം സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്.

ഉത്തര്‍പ്രദേശിനും ബിഹാറിനുമാണ് കൂടുതല്‍ സീറ്റുകള്‍ ലഭിക്കുന്നതെന്ന് കേരള ഹജ് കമ്മിറ്റി പറഞ്ഞു. ഹജ് സമിതികളുമായി കൂടിയാലോചിച്ച ശേഷമാണ് ദേശീയ നയം രൂപീകരിച്ചതെന്നായിരുന്നു അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലിന്റെ മറുപടി.