ഫേസ്ബുക്കില്‍ പോസ്റ്റിട്ട കാഴ്ചയില്ലാത്ത യുവതിക്ക് തടവ് ശിക്ഷ

single-img
5 January 2018

രാജവാഴ്ചയെ വിമര്‍ശിച്ചെഴുതിയ ലേഖനം ഷെയര്‍ ചെയ്ത് പോസ്റ്റിട്ട യുവതിക്കാണ് ശിക്ഷ. തായ്‌ലന്‍ഡിലാണ് സംഭവം. രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട അന്ധ യുവതിക്ക് തായ്‌ലന്റ് കോടതി ഒന്നര വര്‍ഷം തടവുശിക്ഷ വിധിക്കുകയായിരുന്നു. ഇരുപത്തിമൂന്നുകാരിയായ നൂര്‍ഹയാതി മാസോഹിക്ക് ആണ് ശിക്ഷ ലഭിച്ചത്.

രാജ്‌വാഴ്ചയെ എതിര്‍ക്കുന്ന തായ്ബ്രിട്ടീഷ് അക്കാഡമിക് വിദഗ്ധന്‍ ജൈല്‍സ് അംഗ്പകോണിന്റെ ലേഖനം ഷെയര്‍ ചെയ്ത് പോസ്റ്റ് ചെയ്തതാണ് മാസോഹിക്ക് വിനയായത്. 2009ല്‍ രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ടതിന് പിന്നാലെ അംഗ്പകോണ്‍ നാടുവിട്ടിരുന്നു. പിന്നീട് ഈ ലേഖനം രാജ്യദ്രോഹ പരമാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

മൂന്നു വര്‍ഷത്തേക്കാണ് ശിക്ഷിച്ചതെങ്കിലും മാസോഹി കുറ്റസമ്മതം നടത്തിയതോടെ ശിക്ഷ കാലാവധി വെട്ടിച്ചുരുക്കുകയായിരുന്നു. കാഴ്ചയില്ലാത്ത യുവതി എങ്ങിനെയാണ് കുറ്റകൃത്യം നടത്തിയത് എന്ന ചോദ്യമുയര്‍ന്നെങ്കിലും കോടതി യുവതിയുടെ വാദങ്ങള്‍ അംഗീകരിച്ചില്ല. ഫേസ്ബുക്കില്‍ പ്രത്യേക ആപ്ലിക്കേഷന്റെ സഹായത്തോടെയാണ് മാസോഹി പോസ്റ്റുകളിടുന്നത് എന്ന് കോടതി കണ്ടെത്തുകയായിരുന്നു.