പാകിസ്താനുള്ള സഹായം അവസാനിപ്പിച്ച് അമേരിക്ക: ട്രംപ് സംസാരിക്കുന്നത് ഇന്ത്യൻ ഭാഷയിലെന്ന് പാകിസ്താൻ

single-img
5 January 2018

അമേരിക്ക ട്രംപ്ഭീകരവാദ സംഘടനകളോടുള്ള മൃദുസമീപനം പാകിസ്താനു വിനയായി. ഭീകരതക്കെതിരെ ഫലപ്രദമായ നടപടിയെടുക്കാത്ത പാകിസ്ഥാനെതിരേ കടുത്ത നടപടികൾ സ്വീകരിക്കാൻ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തീരുമാനിച്ചു.  1.15 ബില്ല്യൺ ഡോളറിന്റെ (ഏകദേശം 7284 കോടി ഇന്ത്യൻ രൂപ) ധന സഹായം  തടഞ്ഞു വെച്ചുകൊണ്ടാണു അമേരിക്ക പാകിസ്താനെ സമ്മർദ്ദത്തിലാഴ്ത്തിയത്. 2002 മുതല്‍ അമേരിക്കയില്‍ നിന്ന് പാകിസ്താന്‍ സഹായധനം സ്വീകരിക്കുന്നുണ്ട്.

ഭീകരവാദ സംഘടനകള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുന്നത് വരെ പാകിസ്താനുള്ള സാമ്പത്തിക,സൈനിക സഹായങ്ങള്‍ നിര്‍ത്തിയതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവി ഹെയ്തര്‍ നവോര്‍ട്ട് പ്രഖ്യാപിച്ചു. ഹഖാനി ശ്യംഖലയ്ക്കെതിരെ പാക് സർക്കാർ നടപടിയെടുക്കണം. മേഖലയിൽ പാക് ഭീകരർ അസ്ഥിരത സൃഷ്ടിക്കുന്നു. യു.എസ് പൗരന്മാരെയും ഇവർ ലക്ഷ്യമിടുന്നെന്നും നവോർട്ട് പറഞ്ഞു. മതസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ പാകിസ്ഥാനിൽ ഗുരുതര ലംഘനങ്ങളാണ് നടക്കുന്നതെന്നും യു.എസ് കുറ്റപ്പെടുത്തി.

പുതുവത്സര ദിനത്തില്‍ പാകിസ്താനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ട്രംപ് ട്വിറ്റ് ചെയ്തിരുന്നു. പാകിസ്താന് നല്‍കിവരുന്ന സഹായധനം റദ്ദാക്കുന്ന കാര്യം അമേരിക്ക പരിഗണിക്കുന്നുവെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലായിരുന്നു ട്രംപിന്റെ വിമര്‍ശനം.  ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി 15 വര്‍ഷമായി പാകിസ്താന് 3300 കോടി ഡോളര്‍ നല്‍കി അമേരിക്ക വിഡ്ഢിയാവുകയായിരുന്നെന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്.

എന്നാൽ ട്രംപിന്റെ പ്രസ്താവന ഇന്ത്യൻ ഭാഷയിലാണെന്ന് പാകിസ്താൻ പ്രതികരിച്ചു. പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഖ്വാജാ ആസിഫാണു ഇങ്ങനെ പ്രതികരിച്ചത്. അഫ്ഗാനിസ്ഥാനിലെ പരാജയത്തിന് ട്രംപ് പാകിസ്താനെ ബലിയാടാക്കുകയാണെന്നും വസ്തുതകള്‍ക്ക് വിരുദ്ധമായ പ്രസ്താവനകളാണ് ട്രംപ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും ഖ്വാജാ ആസിഫ് പറഞ്ഞു.

അമേരിക്കയുമായുള്ള ബന്ധം വഷളായതിനെ തുടര്‍ന്ന് ചേര്‍ന്ന പാര്‍ലമെന്ററി കമ്മറ്റിക്ക് ശേഷമാണ് പാക് വിദേശകാര്യമന്ത്രിയുടെ പ്രസ്താവന. ഇതിലൂടെ ട്രംപ് ശ്രമിക്കുന്നത് പാകിസ്താന് ദോഷം വരുത്തുന്ന സാഹചര്യം സൃഷ്ടിക്കുവാനാണെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്താന്റെ അന്തസ്സ് നിലനിര്‍ത്തിമാത്രമെ യു.എസുമായുള്ള ബന്ധത്തിനുള്ളൂവെന്ന് പാകിസ്താന്‍ അസ്സംബ്ലി സ്പീക്കര്‍ അയാസ് സാദിഖ് പറഞ്ഞു.