അച്ഛന് മകനേക്കാള്‍ സ്‌നേഹം വളര്‍ത്തു നായയോട്: നായയെ കൊന്ന മകന്‍ അറസ്റ്റില്‍

single-img
5 January 2018

ഛത്തിസ്ഗഡിലെ സൂരജ്പൂരിനടുത്ത പോഡി സ്വദേശിയായ ശിവ്മംഗല്‍ സായിയാണ് മകനെതിരേ പരാതിയുമായി പോലീസിനെ സമീപിച്ചത്. ഒരു വര്‍ഷം മുമ്പാണ് ജബ്ബു എന്ന നായയെ സായിക്കു ലഭിക്കുന്നത്. എന്നാല്‍ സായിയുടെ മക്കള്‍ക്ക് ജബ്ബുവിനെ ഇഷ്ടമല്ലായിരുന്നു.

ഇതിനെ ചൊല്ലി വീട്ടില്‍ ഇടയ്ക്കിടെ തര്‍ക്കങ്ങളും ഉടലെടുത്തിരുന്നു. ബുധനാഴ്ച വൈകിട്ട് സായി വീട്ടിലില്ലാതിരുന്ന സമയത്ത് പറഞ്ഞത് അനുസരിക്കാതിരുന്ന വളര്‍ത്തുനായയെ മകന്‍ കൊന്നു. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചു നായയെ കുത്തി കൊല്ലുകയായിരുന്നു.

സായി തിരിച്ചെത്തിയപ്പോള്‍ ജബ്ബുവിനെ രക്തത്തില്‍ കുളിച്ചു ചത്ത നിലയില്‍ കണ്ടെത്തി. ഇതേതുടര്‍ന്ന് സായി സമീപത്തെ സന്ധാരി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. തെളിവായി ജബ്ബുവിന്റെ ജഡവും പോലീസിനു മുന്നില്‍ ഹാജരാക്കി.

ഇതേതുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും സായിയുടെ മകനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മൃഗത്തെ കൊലപ്പെടുത്തിയ കുറ്റമാണ് സായിയുടെ മകനെതിരേ ചുമത്തിയിരിക്കുന്നത്.