ഭുവനേശ്വര്‍ കുമാര്‍ തകര്‍ത്തത് കപില്‍ദേവിന്റെ 25 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള റെക്കോഡ്

single-img
5 January 2018

ദക്ഷിണാഫ്രിക്കയുമായുള്ള ആദ്യ ടെസ്റ്റ് മല്‍സരത്തില്‍ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ എല്‍ഗറിനെ പുറത്താക്കിയ ഭുവനേശ്വര്‍ കുമാര്‍ ചരിത്ര നേട്ടത്തിനും ഉടമയായി. 25 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ ബൗളര്‍ വിദേശ മണ്ണില്‍ ടെസ്റ്റിലെ ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് സ്വന്തമാക്കുന്നത്.

ഇതിഹാസ താരം കപില്‍ദേവ് മാത്രമായിരുന്നു ഇതുവരെ ഈ നേട്ടം നേടിയ ഏക ഇന്ത്യന്‍ ബൗളര്‍. ദക്ഷിണാഫ്രിക്കക്കെതിരെ തന്നെയായിരുന്നു കപിലിന്റെ ഈ പ്രകടനം. ഡര്‍ബന്‍ ടെസ്റ്റിലെ ആദ്യ പന്തില്‍ തന്നെ ജിമ്മി കുക്കിനെയായിരുന്നു കപില്‍ വീഴ്ത്തിയിരുന്നത്.

അക്കൗണ്ട് തുറക്കും മുമ്പാണ് എല്‍ഗറിനെ ഭുവി പുറത്താക്കിയത്. പിന്നീട് മൂന്നാം ഓവറില്‍ ഭുവന്വേശര്‍ വീണ്ടും പ്രഹരമേല്‍പ്പിച്ചു. അഞ്ചു റണ്‍സെടുത്ത എയ്ഡന്‍ മക്രാമിനെ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. പിന്നീട് അപകടകാരിയായ ഹാഷിം അംലയെയും ഭുവനേശ്വര്‍ പുറത്താക്കി.

മൂന്നു റണ്‍സെടുത്ത അംലയെ നിലയുറപ്പിക്കും മുമ്പ് ഭുവനേശ്വര്‍ വിക്കറ്റ് കീപ്പര്‍ സാഹയുടെ കൈകളിലെത്തിക്കുകയായിരുന്നു. ഇതോടെ ദക്ഷിണാഫ്രിക്കയില്‍ നായകന്‍ വിരാട് കോഹ്ലി പോലും സ്വപ്നം കാണാത്ത തുടക്കം ഇന്ത്യക്കു നല്‍കാന്‍ ഭുവനേശ്വര്‍ കുമാറിനായി.