ഏ കെ ആന്റണിയുടെ ഡ്രൈവർ ഔദ്യോഗിക വസതിയിൽ തൂങ്ങിമരിച്ചനിലയിൽ

single-img
5 January 2018

ഏ കെ ആന്റണിയുടെമുൻ പ്രതിരോധമന്ത്രിയും കോൺഗ്രസ്സ് രാജ്യസഭാ എം പിയുമായ ഏ കെ ആന്റണിയുടെ ഡ്രൈവറെ ഡൽഹിയിലെ കൃഷ്ണൻ മേനോൻ മാർഗ്ഗിലുള്ള ഔദ്യോഗികവസതി മരിച്ചനിലയിൽ കണ്ടെത്തി. രണ്ടുവർഷമായി അദ്ദേഹത്തിന്റെ ഡ്രൈവറായി ജോലിനോക്കിയിരുന്ന സഞ്ജയ് സിംഗിനെ (35) ആണു ഔദ്യോഗിക വസതിയുടെ കോമ്പൌണ്ടിലുള്ള സ്റ്റാഫ് ക്വാർട്ടേഴ്സിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഉത്തർപ്രദേശിലെ ഫത്തേപ്പൂർ സ്വദേശിയാണു.

സാധാരണ ജോലിക്കെത്തുന്ന സമയമായിട്ടും  സഞ്ജയ് സിംഗിനെ കാണാതിരുന്നപ്പോൾ അന്വേഷിച്ചു ചെന്ന മറ്റൊരു ജോലിക്കാരനാണു ആദ്യം മൃതദേഹം കണ്ടത്. വാതിലിൽ മുട്ടിയിട്ടും ഫോണിൽ വിളിച്ചിട്ടും കിട്ടാതെ വന്നപ്പോൾ ഇയാൾ മറ്റുള്ളവരെ വിളിച്ചുകൂട്ടി വാതിൽ ചവിട്ടിപ്പൊളിക്കുകയായിരുന്നു. തൂങ്ങിമരിച്ചനിലയിൽ സഞ്ജയെ കണ്ട ഇവർ ഉടൻ പോലീസിനെ വിവരമറിയിച്ചു.

ആത്മഹത്യയാണെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം.  മൃതദേഹം  പോസ്റ്റ് മോർട്ടം ചെയ്യാൻ അയച്ചതായി പോലീസ് അറിയിച്ചു. ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ല.

മുതിർന്ന കോൺഗ്രസ്സ് നേതാവായ എ കെ ആന്റണി ഏഴരവർഷത്തോളം യു പി എ സർക്കാരിലെ പ്രതിരോധമന്ത്രിയായിരുന്നു.