മോട്ടോര്‍ വാഹന പണിമുടക്ക് പിന്‍വലിച്ചു

single-img
4 January 2018

രാജ്യത്തെ ഗതാഗതമേഖല കുത്തകവത്കരിക്കുന്ന മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്ലിനെതിരെ പ്രഖ്യാപിച്ച ശനിയാഴ്ചത്തെ മോട്ടോര്‍ വാഹന പണിമുടക്ക് പിന്‍വലിച്ചു. ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് വരാത്ത സാഹചര്യത്തിലാണ് പണിമുടക്ക് പിന്‍വലിക്കാനുള്ള തീരുമാനം.

മോട്ടോര്‍ വാഹന തൊഴിലാളി സംഘടനകള്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനം നടത്തിയാണ് പണിമുടക്ക് നടത്തുമെന്ന് പ്രഖ്യാപിച്ചത്. മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ കൊണ്ടുവരാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടിരുന്നു. മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ നടപ്പു സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കിയ സാഹചര്യത്തിലായിരുന്നു പ്രതിഷേധം.

നിയമഭേദഗതി പ്രാബല്യത്തിലായാല്‍ ഓട്ടോറിക്ഷ, ടാക്‌സി, സ്വകാര്യ ബസ്, കെ.എസ്.ആര്‍.ടി.സി, ചരക്ക് കടത്ത് വാഹനങ്ങള്‍, ഓട്ടോ മൊബൈല്‍ വര്‍ക്ക്‌ഷോപ്, സ്‌പെയര്‍പാര്‍ട്ട് നിര്‍മാണ വിപണനശാലകള്‍, ഡ്രൈവിങ് സ്‌കൂളുകള്‍ തുടങ്ങി ഈ മേഖലയെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികളും തൊഴിലുടമകളും പെരുവഴിയിലാകുമെന്ന ആശങ്ക വിവിധ തൊഴിലാളി യൂണിയനുകള്‍ക്കുണ്ട്. ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്നപക്ഷം സംസ്ഥാന വ്യാപക പണിമുടക്ക് നടത്തുമെന്നും അവർ കൂട്ടിച്ചേർത്തു.