തോമസ് ചാണ്ടിക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

single-img
4 January 2018

ഭൂമി കൈയേറ്റ കേസില്‍ മുന്‍മന്ത്രി തോമസ് ചാണ്ടിക്കെതിരേ കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടു. കോട്ടയം വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്. വിജിലന്‍സിന്റെ ശുപാര്‍ശകള്‍ കോടതി അംഗീകരിച്ചു. തണ്ണീര്‍ത്തട സംരക്ഷണ നിയമ ലംഘനം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി.

കോട്ടയം വിജിലന്‍സ് എസ്പിയുടേതായിരുന്നു കേസെടുക്കാനുള്ള ശുപാര്‍ശ. ഇത് പരിശോധിച്ച കോടതി കേസെടുക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ത്വരിത പരിശോധനയ്ക്ക് ശേഷമാണ് കേസെടുക്കാന്‍ തീരുമാനമായത്. ഗൂഢാലോചന ഉള്‍പ്പടെയുള്ള കുറ്റം ചുമത്താമെന്നാണ് വിജിലന്‍സ് കോടതിയെ അറിയിച്ചത്.

റിപ്പോര്‍ട്ടിന്റെ രഹസ്യസ്വഭാവം സൂക്ഷിക്കണമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല. അതിന്റെ ആവശ്യമുണ്ടോ എന്നായിരുന്നു കോടതിയുടെ മറുചോദ്യം. വരുന്ന 18നു കേസ് വീണ്ടും പരിഗണിക്കും.

രണ്ടാഴ്ച്ചയ്ക്കുള്ളില്‍ കേസ് അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. സുഭാഷ് എം.തീക്കാട് എന്നയാളാണ് മുന്‍ മന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഇതേ തുടര്‍ന്ന് പ്രാഥമികാന്വേഷണം നടത്താന്‍ നവംബര്‍ നാലിന് വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു.

ആലപ്പുഴ ലേക് പാലസ് റിസോര്‍ട്ടിനു സമീപത്തുകൂടെ വലിയകുളം മുതല്‍ സീറോ ജെട്ടി വരെയുള്ള റോഡ് നിര്‍മാണത്തില്‍ ക്രമക്കേടുണ്ടെന്നും മുന്‍ മന്ത്രി തോമസ് ചാണ്ടിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നുമാണ് വിജിലന്‍സിന്റെ ശുപാര്‍ശ.

റോഡ് നിര്‍മാണത്തിന് എംപി ഫണ്ടില്‍ നിന്നു പണം അനുവദിച്ച രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്‍, മുന്‍ എംപി കെ.ഇ.ഇസ്മായില്‍ എന്നിവരുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്നും വിജിലന്‍സ് റേഞ്ച് എസ്പി: എം.ജോണ്‍സണ്‍ ജോസഫ്, വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റയ്ക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തു.