തോമസ് ഐസക് കിലുക്കത്തിലെ ഇന്നസെന്റിനെപ്പോലെയെന്ന് ചെന്നിത്തല

single-img
4 January 2018

ധനമന്ത്രി തോമസ് ഐസക്കിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ജി.എസ്.ടി ലോട്ടറിയാകുമെന്ന് വിചാരിച്ച തോമസ് ഐസക് കിലുക്കം സിനിമയിലെ ഇന്നസെന്റിന്റെ അവസ്ഥയിലാണെന്നായിരുന്നു ചെന്നിത്തലയുടെ പരിഹാസം.

കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സംസ്ഥാനത്ത് പദ്ധതികളൊന്നും നടക്കാത്ത സ്ഥിതിയാണെന്ന്  ചെന്നിത്തല ആരോപിച്ചു. ധനകാര്യം കൈകാര്യം ചെയ്യുന്നതിലുള്ള കെടുകാര്യസ്ഥതയും സർക്കാരിന്റെ ധൂർത്തുമാണ് സംസ്ഥാനത്തെ ഈ നിലയിലെത്തിച്ചത്. രണ്ടുമാസമായി ട്രഷറികളിൽ പണമില്ല. മുൻ സർക്കാരുകൾ ക്ഷേമപ്രവർത്തനങ്ങൾക്കായി കടമെടുത്തിട്ടുണ്ടെങ്കിലും ഇപ്പോൾ പണമില്ലാത്തതിനാൽ ഭരണംതന്നെ സ്തംഭിച്ച അവസ്ഥയിലാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സംസ്ഥാനത്തെ പദ്ധതി നടത്തിപ്പ് സ്തംഭിക്കുന്ന സാഹചര്യത്തിൽ കെപിസിസിയുടെ നേതൃത്വത്തിൽ ഒൻപതിനു സെക്രട്ടേറിയറ്റ് പടിക്കൽ പ്രതിഷേധ സമരം നടക്കും. 10,11 തീയതികളിൽ പ്രാദേശികമായി ധർണകളും നടത്തുമെന്നും ചെന്നിത്തല പറഞ്ഞു.

ദേശീയ തലത്തിൽ ഭീഷണി ഉയർത്തുന്ന ബി.ജെ.പിക്കും ആർ.എസ്.എസിനുമെതിരെ മതേതര ജനാധിപത്യ ബദൽ സൃഷ്ടിക്കാൻ കോൺഗ്രസ് ശ്രമിക്കുമ്പോൾ അതിനു തുരങ്കംവയ്ക്കാനാണ് കേരളത്തിലെ സി.പി.എം ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.