മുംബൈയിൽ പാർപ്പിടസമുച്ചയത്തിൽ തീപിടുത്തം: നാലു മരണം

single-img
4 January 2018

മുംബൈയിലെ ബഹുനിലക്കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ നാല് പേര്‍ മരിക്കുകയും ഒൻപതുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരോൾ ചർച്ച്​ റോഡിലുള്ള മൈമൂൻ മൻസിൽ എന്ന് പേരുള്ള പാർപ്പിട സമുച്ചയത്തിനാണു വ്യാഴാഴ്ച്ച പുലർച്ചെ തീപിടിച്ചത്.

കെട്ടിടത്തിന്റെ നാലാം നിലയിലുള്ള ഒരു ഫ്ലാറ്റിലാണു തീപിടുത്തമുണ്ടായത്. രാവിലെ 4:55-നാണു അഗ്നിശമന സേനയ്ക്ക് വിവരം ലഭിക്കുന്നത്. ഫയർ ബ്രിഗേഡ് സ്ഥലത്തെത്തുമ്പോഴേയ്ക്കും നാലാം നിലയുടെ ഈ ഭാഗം പൂർണ്ണമായും കത്തിയമർന്നിരുന്നു. മരിച്ച നാലുപേരും ഒരു കുടുംബത്തിലെ അംഗങ്ങളാണു. ഇതിൽ രണ്ടുകുട്ടികളും ഉൾപ്പെടും. തസ്നീം അബ്ബാസി കപാസി (42), മോയിസ് അബ്ബാസി കപാസി (10), ദാവൂദ് അലി കപാസി (18), സാക്കിന അബ്ബാസി കപാസി (14) എന്നിവരാണു മരിച്ചത്.

എയർ കണ്ടീഷൻ സംവിധാനത്തിൽ നിന്നാണു അഗ്നിബാധ ഉണ്ടായതെന്നാണു ഫയർ ഫോഴ്സിന്റെ നിഗമനം. രാത്രി ഒന്നരയോടെയാണു അഗ്നിബാധ ആരംഭിച്ചത്. അബ്ബാസി കപാസിയെ മകനായ മോയിസ് വിളിച്ചുണർത്തുകയായിരുന്നു. ഇയാൾ മറ്റു ഫ്ലാറ്റുകളിൽ പോയി തട്ടി വിളിച്ച് സഹായം അഭ്യർത്ഥിച്ചപ്പോഴേയ്ക്കും തീപടർന്നിരുന്നു. മറ്റു ഫ്ലാറ്റുകളിലേയ്ക്കും തീപടർന്നെങ്കിലും ഫയർ ഫോഴ്സെത്തി അവരെയെല്ലാം രക്ഷിച്ചു.

ദാവൂദി ബോറ സമുദായത്തിൽപ്പെട്ടവർ താമസിക്കുന്ന നാലുനില അപ്പാർട്ട്മെന്റാണു മൈമൂൻ മൻസിൽ.

മുംബൈയിലെ കമലാ മിത്സ് കോമ്പൌണ്ടിൽ അഗ്നിബാധയുണ്ടായി 14 പേർ മരിച്ച സംഭവം കഴിഞ്ഞ് ഒരാഴ്ച്ച തികയുന്നതിനു മുന്നേയാണു അടുത്ത ദുരന്തമുണ്ടായിരിക്കുന്നത്.