മമ്മൂട്ടിയെ അധിക്ഷേപിച്ചിട്ടില്ല: നിലപാട് വ്യക്തമാക്കി നടി പാര്‍വതി

single-img
4 January 2018

മമ്മൂട്ടി ചിത്രമായ കസബയെ വിമര്‍ശിച്ച് സംസാരിച്ചതിന്റെ പേരില്‍ നടി പാര്‍വതിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ ദിനംപ്രതി തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഈ ആക്രമണം പാര്‍വതി ഭാഗമാകുന്ന ചിത്രങ്ങള്‍ക്ക് നേരെയും തിരിഞ്ഞിരിക്കുകയാണ്.

പാര്‍വതി പൃഥ്വിരാജ് ജോഡികള്‍ ഒന്നിച്ച് നവാഗതയായ റോഷ്‌നി ദിനകര്‍ സംവിധാനം ചെയ്യുന്ന ‘മൈ സ്റ്റോറി’ എന്ന ചിത്രത്തിന്റെ ടീസറും ഗാനത്തിന്റെ മെയ്ക്കിങ് വിഡിയോയും കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഇതിന് ഡിസ്ലൈക്കുകള്‍ നല്‍കിയാണ് ആരാധകര്‍ കലിപ്പ് തീര്‍ത്തത്.

ഈ സാഹചര്യത്തിലാണ് താരം ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. ”ഒരിക്കലും ഞാന്‍ മമ്മൂട്ടിയെ വ്യക്തിപരമായി ആക്രമിച്ചിട്ടില്ല. മമ്മൂട്ടിയുടെ സിനിമയെ വിമര്‍ശിക്കുമ്പോഴും എനിക്ക് അദ്ദേഹത്തോട് ബഹുമാനം മാത്രമാണുള്ളത്.

എന്നാല്‍ എന്റെ ശ്രദ്ധ മുഴുവന്‍ ഇപ്പോഴും ഓപ്പണ്‍ ഫോറത്തില്‍ സംസാരിച്ച കാര്യങ്ങളില്‍ മാത്രമാണ്. എന്റെ ഊര്‍ജം എല്ലായ്‌പ്പോഴും ആ ദിശയിലേക്ക് നയിച്ച് കൊണ്ടിരിക്കും” പാര്‍വതി വ്യക്തമാക്കി. ഞാന്‍ ജോലി ചെയ്യുന്നിടത്ത് മാറ്റങ്ങള്‍ വന്നു കാണണമെങ്കില്‍ തുറന്ന് സംസാരിച്ചേ പറ്റൂ. അതു പറയാനുള്ള അവകാശം എനിക്കുണ്ടെന്ന് തന്നെയാണ് വിശ്വസിക്കുന്നത്.

സ്ത്രീ വിരുദ്ധത, അതിക്രമങ്ങള്‍ തുടങ്ങി നമ്മുടെ സമൂഹത്തില്‍ കാണുന്ന എല്ലാ മോശം കാര്യങ്ങളും സിനിമയില്‍ പ്രതിഫലിക്കും. എന്നാല്‍ അതിനെ മഹത്വവത്കരിക്കുന്നത് തെറ്റാണ്. സ്ത്രീവിരുദ്ധതയെ മഹത്വവത്ക്കരിക്കുന്ന സിനിമകളുടെ ഭാഗമാകില്ലെന്ന് പൃഥ്വിരാജ് പറഞ്ഞതില്‍ അഭിമാനമുണ്ടെന്നും പാര്‍വതി പറഞ്ഞു.

എല്ലാവരും തനി നിറം കാണിക്കുന്നു. ജീവിച്ചിരിക്കാന്‍ സാധിക്കുന്ന ഏറ്റവും മഹത്തായ സമയമാണിതെന്നും ഈ സമയം പോപ്പ് കോണ്‍ കൊറിച്ചു കൊണ്ട് എല്ലാം കണ്ടിരിക്കുകയാണെന്നും പാര്‍വതി കഴിഞ്ഞ ദിവസം ട്വിറ്ററില്‍ കുറിച്ചിരുന്നു.