കൊച്ചിയില്‍ 25 കോടിയുടെ കൊക്കെയ്ന്‍ എത്തിച്ചത് ആര്‍ക്കു വേണ്ടി ?

single-img
4 January 2018

കഴിഞ്ഞ ദിവസം കൊച്ചിയില്‍ പിടികൂടിയ 25 കോടി രൂപ വില വരുന്ന കൊക്കെയ്ന്‍ എത്തിച്ചത് ആര്‍ക്കു വേണ്ടിയാണെന്ന് ഇതുവരെ കണ്ടെത്താനായില്ല. നെടുമ്പാശേരിയില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായ ഫിലിപ്പീന്‍സുകാരിയില്‍നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു കൂടുതല്‍ വിവരം ലഭിച്ചിട്ടില്ല.

കാക്കനാട്ട് ജയിലില്‍ കഴിയുന്ന ഇവരെ വിശദമായി ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് എന്‍സിബി അപേക്ഷ നല്‍കും. ഫിലിപ്പീനോ ഭാഷ അറിയുന്ന ആളുടെ സഹായത്തോടെയാണു വീണ്ടും ചോദ്യം ചെയ്യുക. ഇവര്‍ നിരവധി രാജ്യങ്ങളില്‍ മയക്കുമരുന്ന് വിതരണത്തിനായി യാത്ര ചെയ്തിട്ടുണ്ട്.

അന്താരാഷ്ട്ര മയക്കുമരുന്നുമാഫിയ കാരിയര്‍മാരായി സ്ത്രീകളെയാണു കൂടുതല്‍ ഉപയോഗിക്കുന്നത്. വിശദമായി ചോദ്യംചെയ്യുന്നതിലൂടെ സംഘത്തിലെ കേരളത്തിലെ കണ്ണികളെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരും എന്ന പ്രതീക്ഷയിലാണ് എന്‍സിബി.

ഹോങ്കോങ്ങില്‍ കുട്ടികളെ പരിചരിക്കുന്ന സ്ഥാപനത്തിലെ ആയയായി ജോലി നോക്കവെ, സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്നാണ് മയക്കുമരുന്ന് സംഘത്തില്‍ ചേര്‍ന്നതെന്നാണ് ചോദ്യം ചെയ്യലില്‍ ഇവര്‍ പറഞ്ഞത്. ഇതു പൂര്‍ണമായും അന്വേഷണ എജന്‍സി വിശ്വസിച്ചിട്ടില്ല. ഇതുകൊണ്ടാണ് വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്.

എന്നാല്‍ മയക്കുമരുന്ന് എത്തിച്ചതിനു പിന്നില്‍ സിനിമ രംഗത്തള്ളവര്‍ക്ക് ബന്ധമുണ്ടെന്ന പേരില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അങ്ങിനെയൊരു സൂചനയും അന്വേഷണ ഏജന്‍സിക്ക് ലഭിച്ചിട്ടില്ല. ദുബായ് കേന്ദ്രീകരിച്ചുള്ള സ്വര്‍ണ്ണക്കടത്ത് മാഫിയയ്ക്ക് ഇതുമായി ബന്ധമുണ്ടോ എന്ന് അന്വേഷിച്ചു വരുന്നുണ്ട്.