അയൽവാസി വഴിയടച്ചു: ഭിന്ന ശേഷിയുള്ള സിനിമാ താരവും കുടുംബവും പെരുവഴിയിലായി

single-img
4 January 2018

അയൽവാസി വഴിയടച്ചതോടെ ഭിന്നശേഷിയുള്ള മൂന്നംഗ കുടുംബം പെരുവഴിയിലായി. ആദ്യകാല സിനിമാ-നാടക സർക്കസ് താരമുൾപ്പെടെ മൂന്നംഗ കുടുംബത്തിന്റെ വീട്ടിലേക്കുള്ള ഏക വഴിയാണ് അയൽവാസി അടച്ചിരിക്കുന്നത്.

കണ്ണൂർ കേളകം ബസ് സ്റ്റാൻഡിന്റെ 300 മീറ്റർ അകലെ വെളിയമ്പാറ കവല -വെള്ളൂന്നി റോഡിൽ നിന്നും താഴ്വാരത്തുള്ള വീട്ടിലേക്ക് ഇവർ ഉപയോഗിച്ചിരുന്ന വഴി മുച്ചക്രവാഹനം കൊണ്ടുപോകുന്നതിനായി മണ്ണിട്ടതിനെത്തുടർന്നാണ് അയൽവാസി അടച്ചത്.

തുടർന്ന് കേളകം പോലീസിൽ പരാതിയും നൽകി. കാട്ട്മൈന സിനിമയിലെ താരവും നാടക -സർക്കസ് കലാകാരിയുമായ കോലാക്കൽ രുക്മിണിയും മകൻ രുചീഷ് കുമാറും ഭാര്യ ബിന്ദുവുമാണ് ദുരുതത്തിലായത്.

മൂവരും ഭിന്നശേഷിക്കാരും രോഗികളുമാണ്. സ്വന്തമായുള്ള 39 സെന്റിമലെ വീട്ടിലേക്ക് പരസഹായമില്ലാതെ നടന്നിറങ്ങാൻ പോലുമാവാത്തവരാണിവർ.

രുക്മിണിക്കും മകനും ഒരു മീറ്റർ പോലും ഉയരമില്ല. 64 കാരിയായ രുക്മിണിക്ക് പരസഹായമില്ലാതെ നടക്കാനുമാവില്ല. അംഗവൈകല്യമുള്ള മരുമകൾ ബിന്ദുവിനും അവസ്ഥ വ്യത്യസ്തമല്ല.

വീട്ടിലേക്ക് നടന്നിരുന്ന വഴിയിൽ രുചീഷ് കുമാർ ഉപയോഗിച്ചിരുന്ന മുച്ചക്ര വാഹനം ഇറക്കാൻ മണ്ണിട്ടതോടെയാണ് പരാതി ഉണ്ടായത്.
ഇപ്പോൾ വാഹനം റോഡിൽ നിർത്തിയിട്ട് സാഹസപ്പെട്ടാണ് രുചീഷിന്റെ പടിയിറക്കം.

ഈ വഴി പതിറ്റാണ്ടുകളായി തങ്ങൾ ഉപയോഗിച്ചിരുന്നതാണെന്നും അടയ്ക്കാൻ അനുവദിക്കരുതെന്നുമാണ് ഈ നിസഹായ കുടുംബത്തിന്റെ ആവശ്യം.
വഴിയായി ഉപയോഗിക്കുന്ന സ്ഥലം തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും അത് അളന്നു തിട്ടപ്പെടുത്തണമെന്നും ഇവർ റവന്യു-പോലീസ് അധികാരികളോട് ആവശ്യപ്പെട്ടു.

വഴിയടഞ്ഞ ദുരിതബാധിത കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുൻ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. പ്ലാസിഡ്, വിവിധ സംഘടനാ നേതാക്കളായ അനന്ദൻ, പ്രേംദാസ് മോനായി, റോയി കളത്തനമറ്റം, പി.എം. രമണൻ തുടങ്ങിയവവരും രംഗത്തെത്തിയിട്ടുണ്ട്.