കണ്ണൂര്‍ സംഘര്‍ഷത്തിനിടയിലും നേതാക്കള്‍ ‘ഭായ് ഭായ്’: സിപിഎം നേതാവ് ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതിനെ ചൊല്ലി വിവാദം

single-img
4 January 2018

കണ്ണൂര്‍: ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് സിപിഎം ലോക്കല്‍ സെക്രട്ടറി. ആര്‍എസ്എസിന്റെ സേവന വിഭാഗമായ സേവാഭാരതിയുടെ പാനൂര്‍ ഓഫിസ് ഉദ്ഘാടനത്തിന്റെ ഭാഗമായി പാനൂര്‍ യുപി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ സിപിഎം പാനൂര്‍ ലോക്കല്‍ സെക്രട്ടറി കെ.കെ.പ്രേമനാണ് പങ്കെടുത്തത്.

പ്രവര്‍ത്തകര്‍ക്കു നേരെ നടന്ന അക്രമങ്ങള്‍ക്കുപിന്നില്‍ ആര്‍എസ്എസാണെന്നു ആരോപിക്കുമ്പോഴും സിപിഎം ലോക്കല്‍ സെക്രട്ടറി അവരുടെ പരിപാടിയില്‍ പങ്കെടുത്തത് ഏറെ ചര്‍ച്ചയായിട്ടുണ്ട്. അതിനിടെ ആര്‍എസ്എസ് പരിപാടിയില്‍ സിപിഎം നേതാവ് പങ്കെടുത്തത് സമാധാനം ആഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കുന്ന കാര്യമാണെന്നാണ് നാട്ടുകാരുടെ പക്ഷം.

ഏതാനും വര്‍ഷം മുന്‍പ് പാനൂര്‍ പഞ്ചായത്ത് കോണ്‍ഗ്രസ് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം വന്നപ്പോള്‍ യു.ഡി.എഫിനെ പരാജയപ്പെടുത്താന്‍ സി.പി.എമ്മും ബി.ജെ.പിയും ഒത്തുചേര്‍ന്നു പ്രവര്‍ത്തിച്ച സംഭവത്തില്‍ അന്നു പഞ്ചായത്ത് അംഗവും ലോക്കല്‍ സെക്രട്ടറിയുമായിരുന്ന കെ.കെ.പ്രേമനെതിരെ പാര്‍ട്ടി നടപടിയെടുത്തിരുന്നു.