പൂനെ ദളിത് പ്രക്ഷോഭം: ജിഗ്നേഷ് മേവാനിയ്ക്കും ഉമർ ഖാലിദിനുമെതിരേ കേസ്

single-img
4 January 2018

പൂനെ ദളിത് പ്രക്ഷോഭംഗുജറാത്ത് എംഎൽഎയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനിക്കും ജെഎൻയു വിദ്യാർഥി ഉമർ ഖാലിദിനുമെതിരെ കേസ്.  മഹാരാഷ്ട്രയിലെ ദളിത് റാലിക്കു നേരേയുണ്ടായ സംഘപരിവാർ അക്രമത്തിൽ പ്രതിഷേധിച്ച് മഹാരാഷ്ട്രയിലുണ്ടായ ദളിത് പ്രക്ഷോഭത്തിനു പിന്നിൽ ജിഗ്നേഷും ഉമറുമാണെന്ന് ആരോപിച്ചാണു ഇവർക്കെതിരേ കേസെടുത്തത്.

ഡിസംബർ 31-നു  പൂനെയിലെ അക്ഷയ് ബിക്കാദ്, അനന്ത് ദോന്ത് എന്നീ യുവാക്കൾ നൽകിയ പരാതിയിന്മേലാണു പൂനെ പോലീസിന്റെ നടപടി. പൂനെയിലെ ഷാനിവാര്‍വാലയില്‍ ജിഗ്നേഷും ഉമര്‍ ഖാലിദും നടത്തിയ  പ്രസംഗം പ്രകോപനപരവും മതവിദ്വേഷം വളർത്തുന്നതുമായിരുന്നുവെന്നും ഇതാണു അക്രമസംഭവങ്ങളിലേയ്ക്ക് നയിച്ചതെന്നുമാരോപിച്ചായിരുന്നു പരാതി.

പൂനെ സ്വദേശികളായ രണ്ട് യുവാക്കളില്‍ നിന്നായി ദളിത് നേതാവും എംഎല്‍എയുമായ ജിഗ്നേഷ് മേവാനിയ്ക്കും ഉമര്‍ ഖാലിദിനുമെതിരെ പരാതി ലഭിച്ചതായി ഡെക്കാന്‍ ജിഘാന പോലീസ് സ്റ്റേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. പരാതി വിശ്രംബാഗ് പോലീസിന് കൈമാറിയതായും സംഭവം നടന്നത് ഈ സ്റ്റേഷന്‍ പരിധിയിലാണെന്നും പോലീസ് കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു.

ഭീമ കോർഗാവ് യുദ്ധത്തിന്റെ 200-ാം വാർഷികാഘോഷത്തിൽ പങ്കെടുക്കാനെത്തിയ ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരെ ഉയർന്ന ജാതിയിൽപ്പെട്ട മറാത്ത വിഭാഗക്കാർ അക്രമം അഴിച്ചുവിട്ടതാണ് സംഘർഷത്തിലെത്തിച്ചത്.

1818ലായിരുന്നു മറാത്തികളുടെ പെഷ്വ സൈന്യവും ദളിത് വിഭാഗക്കാർ അണിനിരന്ന ഈസ്റ്റ് ഇന്ത്യാ സൈന്യവും തമ്മിലുള്ള ഭീമ കോർഗാവ് യുദ്ധം നടന്നത്. നിരവധിപേർ കൊല്ലപ്പെട്ട യുദ്ധത്തിൽ പെഷ്വ സൈന്യത്തിന് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് മുന്നിൽ അടിയറവ് പറയേണ്ടിവന്നു. ദളിതർ അണിനിരന്ന കമ്പനി സൈന്യം പെഷ്വ സൈന്യത്തിന് മേൽ നേടിയ വിജയത്തിന്റെ ഓർമ്മയ്ക്കായാണ് എല്ലാ ജനുവരി ഒന്നിനും വിജയദിവസമായി ആചരിക്കുന്നത്.