വിമാനം പറക്കുന്നതിനിടയില്‍ കമാന്‍ഡര്‍ പൈലറ്റും വനിതാ സഹപൈലറ്റും തമ്മിലടിച്ചു: യാത്രക്കാര്‍ ആശങ്കയിലായി

single-img
4 January 2018

ജനുവരി ഒന്നിന് പുലര്‍ച്ചെ 2.45ഓടെയാണ് സംഭവം. ലണ്ടനില്‍ നിന്നുള്ള ജെറ്റ് എയര്‍വേയ്‌സ് വിമാനം ഇറാന്‍ പാകിസ്താന്‍ മേഖലയിലൂടെ പറക്കുമ്പോഴാണ് പൈലറ്റുമാര്‍ ഏറ്റുമുട്ടിയത്. രണ്ട് കുട്ടികളും 14 ക്രൂ അംഗങ്ങളും ഉള്‍പ്പെടെ 324 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

വിമാനം പറന്നു തുടങ്ങിയ ഉടനെയാണ് പൈലറ്റുമാര്‍ തമ്മില്‍ വഴക്ക് തുടങ്ങിയത്. തര്‍ക്കത്തിനിടെ പ്രധാന പൈലറ്റ് വനിതാ പൈലറ്റിനെ അടിച്ചതായും റിപ്പോര്‍ട്ടുണ്ട്. കോക്പിറ്റ് ക്രൂവിലെ ആശയവിനിമയത്തില്‍ സംഭവിച്ച പിഴവാണ് അസ്വഭാവിക സംഭവങ്ങള്‍ക്കു കാരണമെന്ന് ജെറ്റ് എയര്‍വെയ്‌സ് പ്രസ്താവനയില്‍ അറിയിച്ചു.

രണ്ടു പൈലറ്റുമാരെയും സസ്‌പെന്‍ഡ് ചെയ്യാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) തീരുമാനിച്ചു. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പൈലറ്റുമാരുടെ ലൈസന്‍സ് റദ്ദാക്കി. മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് വനിതാ പൈലറ്റ് കോക്പിറ്റിന് വെളിയില്‍ വന്നിരുന്നു.

തുടര്‍ന്ന് വിമാനത്തിന്റെ സുരക്ഷ പോലും പരിഗണിക്കാതെ ഇവരെ തിരികെ വിളിക്കാനായി പൈലറ്റും പുറത്തേക്ക് വരികയായിരുന്നു. സംഭവം അപകടമാണെന്ന് തിരിച്ചറിഞ്ഞതോടെ യാത്രക്കാര്‍ ഭയപ്പെട്ടു. വിമാന ക്രൂവിന്റെയും യാത്രക്കാരുടെയും അപേക്ഷയെ തുടര്‍ന്ന് വനിതാ പൈലറ്റ് കോക്പിറ്റിലേക്കു തിരിച്ചുപോയപ്പോഴാണ് ഏവര്‍ക്കും സമാധാനമായത്.

ഇത് വിമാന സുരക്ഷാ നയത്തിന്റെ വീഴ്ചയാണെന്നു കാട്ടിയാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നടപടി എടുത്തത്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടക്കുന്ന പശ്ചാത്തലത്തിലാണ് പൈലറ്റിന്റെ ലൈസന്‍സ് റദ്ദാക്കുന്നതായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചത്. വിമാനം സുരക്ഷിതമായാണ് ലാന്‍ഡ് ചെയ്തതെന്നും യാത്രക്കാര്‍ക്കും അസ്വസ്ഥകളില്ലെന്നും ജെറ്റ് എയര്‍വെയ്‌സ് അറിയിച്ചു.