ശക്തമായ തിരിച്ചടിയുമായി ഇന്ത്യൻ സൈന്യം: പാക് പോസ്റ്റുകൾ തകർത്തു

single-img
4 January 2018

ഇന്ത്യൻ സൈന്യംഅതിർത്തിയിൽ നിരന്തരം പ്രകോപനം തുടർന്ന പാക്കിസ്ഥാനി സൈന്യത്തിനു കനത്ത തിരിച്ചടിയുമായി ഇന്ത്യൻ സൈന്യം.  ബുധനാഴ്ച രാത്രി പാക്കിസ്ഥാന്റെ രണ്ട് പോസ്റ്റുകൾ തകർത്തതായി സൈന്യം അറിയിച്ചു.

അതിര്‍ത്തിക്കപ്പുറത്ത് നിന്ന് മോര്‍ട്ടാര്‍ ഷെല്ലുകള്‍ തൊടുക്കാന്‍ ഉപയോഗിച്ചിരുന്ന രണ്ട് ലോഞ്ച് പാഡുകളും പാക് സൈന്യത്തിന്റെ മൂന്നു പോസ്റ്റുകളുമാണു ഇന്ത്യന്‍ സൈന്യം തകര്‍ത്തത്. ഇന്ത്യൻ സൈന്യം നടത്തിയ മിന്നലാക്രമണത്തില്‍ 15 പാകിസ്താനി റേഞ്ചേഴ്‌സ് സേനാംഗങ്ങള്‍ കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇതിനിടെ ജമ്മു കശ്മീരിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച  ഒരു ഭീകരനെ സൈന്യം വധിക്കുകയും ചെയ്തു.  അർണിയ സെക്ടറിലെ നികോവൽ ഇന്റർനാഷണൽ ബോർഡർ ഔട്ട്പോസ്റ്റിൽ (ബിഒപി) രാവിലെ അഞ്ചേമുക്കാലോടെ രണ്ടുമൂന്നു പേരുടെ ചലനം സൈന്യത്തിന്റെ ശ്രദ്ധയിൽപ്പെട്ടപ്പോഴാണു  ഇന്ത്യൻ സൈന്യം വെടിവയ്പ് ആരംഭിച്ചത്. ഇവർ ഭീകരരാണെന്നു ബോധ്യപ്പെട്ട ശേഷമാണു വെടിവെച്ചതെന്ന് ബിഎസ്ഫ് ഐജി റാം അവ്തർ മാധ്യമങ്ങളോട് പറഞ്ഞു. നുഴഞ്ഞുകയറ്റക്കാർ തിരിച്ചും വെടിവച്ചു. മുപ്പതുവയസ്സ് തോന്നിക്കുന്നയാളാണു കൊല്ലപ്പെട്ടത്. മറ്റ് രണ്ടുപേർ രക്ഷപ്പെട്ടു.

കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ തുടര്‍ച്ചയായി പാക് സൈന്യം ആക്രമണം നടത്തിയിരുന്നു. ഇതില്‍ ഒരു ബിഎസ്എഫ് സൈനികന്‍ വീരമൃത്യു വരിക്കുകയും ചെയ്തിരുന്നു. ബി എസ് എഫ് ഹെഡ് കോൺസ്റ്റബിൾ ആയിരുന്ന ആർ പി ഹസ്ര ആണു പാക്കിസ്ഥാൻ പ്രകോപനമില്ലാതെ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഹസ്രയെ പാക് സൈന്യം സ്നൈപ്പർ ഗൺ ഉപയോഗിച്ച് വെടിവെയ്ക്കുകയായിരുന്നു. തന്റെ ജന്മദിനത്തിലായിരുന്നു അദ്ദേഹം കൊല്ലപ്പെട്ടത്. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് സ്വദേശിയാണു ഹസ്ര.