ഇസ്രായേലിന്റെ സ്പൈക്ക് മിസൈലുകൾ വേണ്ടെന്ന് ഇന്ത്യ: കരാറിൽ നിന്നും പിന്മാറി

single-img
4 January 2018

ഇസ്രയേലിൽനിന്നു 3250 കോടി രൂപയ്ക്കു സ്പൈക് ആന്റി ടാങ്ക് മിസൈലുകൾ വാങ്ങാനുള്ള പദ്ധതിയിൽനിന്ന് ഇന്ത്യ പിന്മാറി. ഇസ്രായേൽ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള റഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസ് എന്ന ആയുധനിർമ്മാണക്കമ്പനിയുടെ പക്കൽ നിന്നും  1600 ആന്റി ടാങ്ക് മിസ്സൈലുകൾ വാങ്ങുവാനുള്ള കരാറിൽ നിന്നാണു ഇന്ത്യ പിന്മാറിയത്.

അന്തിമ കരാറിൽ ഒപ്പിടും മുൻപാണ് ഇന്ത്യയുടെ പിൻമാറ്റമെന്ന്  റഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസ് വക്താവ് ഇഷയ് ഡേവിഡ് പറഞ്ഞു. ഇക്കാര്യം ഇന്ത്യൻ പ്രതിരോധ വകുപ്പ് ഒൗദ്യോഗികമായി അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. കല്യാണി ഗ്രൂപ്പുമായി ചേർന്ന് പ്രാദേശികമായി മിസൈലുകൾ നിർമ്മിക്കുവാനായിരുന്നു കരാറിലെ വ്യവസ്ഥ.

എന്നാൽ ഇതേ കമ്പനിയിൽ നിന്നും നാവികസേനയ്ക്കായി 460 കോടി രൂപയ്ക്കു ബറാക് മിസൈലുകൾ വാങ്ങുവാൻ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. ബറാക് മിസൈലുകൾ വാങ്ങുവാൻ തീരുമാനിച്ചതിനു തൊട്ടുപിന്നാലെയാണു ഇന്ത്യ സപൈക്ക് മിസൈലുകൾ വാങ്ങുവാനുള്ള കരാറിൽ നിന്നും പിന്മാറിയത്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ത്യ സന്ദർശിക്കുവാനിരിക്കുന്ന വേളയിലാണു ഇന്ത്യയുടെ ഈ പിന്മാറ്റം. ഈ മാസം 14ന് ഇന്ത്യയിലെത്തുന്ന നെതന്യാഹുവിനൊപ്പം റഫേൽ കമ്പനി സിഇഒയുമുണ്ട്.

ഓടിക്കൊണ്ടിരിക്കുന്ന യുദ്ധടാങ്കുകളെ തകർക്കുവാൻ ശേഷിയുള്ളവയാണു റഫേൽ നിർമ്മിക്കുന്ന സപൈക്ക് മിസൈലുകൾ. ഭാരം കുറവായതിനാൽ ഒരു സൈനികനു ചുമന്നുകൊണ്ടു പോകുവാൻ കഴിയുന്നതരത്തിലുള്ള മിസൈലുകളാണിവ. ഒന്നരക്കിലോമീറ്റർ അകലെമുതൽ 25 കിലോമീറ്റർ അകലെവരെ ചലിക്കുന്ന ടാങ്കുകളെ തകർക്കുവാനുള്ള ശേഷി ഇവയ്ക്കുണ്ട്. ചലിക്കുന്ന ടാർഗറ്റ് ടാങ്കിനെ ഓട്ടോമാറ്റിക് ആയി ലൊക്കേറ്റ് ചെയ്യുവാൻ കഴിയും എന്നതാണു ഇവയുടെ മറ്റൊരു പ്രത്യേകത.

നിലവിൽ ഇന്ത്യൻ ആർമി ഉപയോഗിക്കുന്നത് ഫ്രഞ്ച് നിർമ്മിത മിലാൻ 2T മിസൈലുകളും റഷ്യൻ നിർമ്മിതമായ ഫാഗോട്ട്, കൊങ്കുർ എന്നീ മിസൈലുകളുമാണു. കയ്യിൽ കൊണ്ടുനടക്കാവുന്നതരത്തിലുള്ള മിലാനും ഫാഗോട്ടിനും പരമാവധി റേഞ്ച് 2 കിലോമീറ്റർ ആണു. കൊങ്കുർ മിസൈലുകൾക്ക് പരമാവധി റേഞ്ച് 4 കിലോമീറ്റർ ആണെങ്കിലും അവ കയ്യിൽ കൊണ്ടുനടക്കാൻ പാകത്തിനു ചെറുതല്ലാത്തതിനാൽ ഇൻഫന്ററി യുദ്ധവാഹനങ്ങളിൽ ഘടിപ്പിച്ചു മാത്രമേ ഉപയോഗിക്കുവാൻ കഴിയുകയുള്ളൂ.

പാക്കിസ്ഥാൻ പട്ടാളം ടാങ്കുകളെ ആക്രമിക്കാൻ ഉപയോഗിക്കുന്നത് പ്രാദേശികമായി നിർമ്മിക്കുന്ന മിസൈലുകൾ ആണു. ചൈനീസ് നിർമ്മിതമായ HJ-8 എന്ന മിസൈലിന്റെ പ്രാദേശികമായി നിർമ്മിച്ച രൂപമാണ് അത്. അവ കയ്യിൽക്കൊണ്ടുനടക്കാവുന്നതും 4 കിലോമീറ്റർ വരെ പരിധിയുള്ളവയുമായതിനാൽ നിലവിൽ പാക് പട്ടാളത്തിനു ഇക്കാര്യത്തിൽ മേൽക്കൈയുണ്ട്.

ഇൻഫന്ററി വിഭാഗത്തിനു ദൂരപരിധി കൂടുതലുള്ള ആന്റി ടാങ്ക് മിസൈലുകൾ അത്യാവശ്യമായതിനാൽ സ്പൈക്ക് മിസൈലുകൾ വാങ്ങുന്നതിനു കരസേനയുടെ ഭാഗത്തുനിന്നും സമ്മർദ്ദമുണ്ടായിരുന്നു. എന്നാൽ മെയ്ക്ക് ഇൻ ഇന്ത്യയുടെ ഭാഗമായി ഡി ആർ ഡി ഓയുടെ പ്രോജക്റ്റിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചതിനാൽ കരാറിൽ നിന്നും പിന്മാറാൻ പ്രധാനമന്ത്രി തീരുമാനിക്കുകയായിരുന്നു എന്നാണു റിപ്പോർട്ടുകൾ. നാലുവർഷത്തിനുള്ളിൽ ലോകോത്തര നിലവാരത്തിലുള്ള ആന്റി ടാങ്ക് മിസൈലുകളുടെ സാങ്കേതികവിദ്യ വികസിപ്പിക്കാമെന്ന് ഡി ആർ ഡി ഓ സർക്കാരിനു ഉറപ്പുനൽകിയിട്ടുണ്ട്. എന്നാൽ നാലുവർഷം എന്നത് ഒരു വലിയ കാലയളവാണെന്നും ഈ കാലയളവിൽ ആവശ്യത്തിനു മിസൈലുകൾ ഇല്ലാത്തത് തങ്ങളുടെ ഇൻഫന്ററി വിഭാഗത്തെ ദോഷകരമായി ബാധിക്കുമെന്നുമുള്ള നിലപാടിലാണു ആർമി.