സഭയുടെ ഭൂമി ഇടപാടില്‍ വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷന്‍: ’34 കോടി നഷ്ടം വന്നു; ഇടപാടുകള്‍ കര്‍ദ്ദിനാള്‍ അറിഞ്ഞുതന്നെ’

single-img
4 January 2018

സീറോ മലബാര്‍ സഭ വിവാദ ഭൂമി ഇടപാടില്‍ സഭാസമിതി തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെയും പരാമര്‍ശം. കര്‍ദ്ദിനാള്‍ അറിഞ്ഞു തന്നെയാണ് വിവാദ ഭൂമി ഇടപാടുകള്‍ നടന്നത് എന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

പല ഇടപാടുകളും സഭാസമിതി അറിയാതെ ദുരൂഹമായാണ് നടന്നത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഭൂമി ഇടപാടില്‍ അതിരൂപതയ്ക്ക് 34 കോടി രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ബന്ധപ്പെട്ട വൈദികര്‍ക്ക് ഭൂമി ഇടപാടില്‍ പിഴവ് പറ്റിയെന്നും റിപ്പോര്‍ട്ട് പറയുന്നു.

എറണാകുളം അങ്കമാലി രൂപതയുടെ ഭൂമി വില്‍ക്കുന്നതിനും വില്‍പ്പനയില്‍ നഷ്ടമുണ്ടായപ്പോള്‍ ഇടനിലക്കാരന്റെ ഭൂമി എഴുതി വാങ്ങുന്നതിലും ചുക്കാന്‍ പിടിച്ചത് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ആയിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിനും വീഴ്ച പറ്റിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഭൂമിയിടപാടിലെ ഇടനിലക്കാരനായ സാജു വര്‍ഗീസ് കുന്നേലിനെ ഫാദര്‍ ജോഷിയ്ക്ക് പരിചയപ്പെടുത്തിയത് ആലഞ്ചേരിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സഭയുടെ ഭൂമി കൈമാറ്റം ചെയ്യുമ്പോള്‍ പാലിക്കേണ്ട നിബന്ധനകള്‍ ഇക്കാര്യത്തില്‍ പാലിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.

ഈ നടപടികള്‍ പാലിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ഉയരുന്ന വിമര്‍നങ്ങള്‍ ഒഴിവാക്കാമായിരുന്നു എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഉത്തരവാദപ്പെട്ട വൈദികര്‍ക്ക് ഭൂമി ഇടപാടില്‍ പിഴവ് പറ്റിയെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. ഇന്ന് ചേരുന്ന വൈദിക സമിതിയില്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തതിനു ശേഷം കൂടുതല്‍ നടപടി ആലോചിക്കും.

കഴിഞ്ഞ ദിവസം ചേര്‍ന്ന ഇടക്കാല വൈദിക സമിതിയില്‍ മാര്‍പാപ്പയ്ക്ക് പരാതി നല്‍കാന്‍ തീരുമാനമായിരുന്നു. ഇതേ തീരുമാനവുമായി മുന്നോട്ടുപോകാന്‍ തന്നെയായിരിക്കും ഇന്നത്തെ യോഗത്തിലും തീരുമാനിക്കുക.

എറണാകുളം നഗരത്തില്‍ കണ്ണായ സ്ഥലങ്ങളിലുള്ള കോടികള്‍ വില മതിക്കുന്ന ഭൂമി നിസാര വിലയ്ക്ക് വിറ്റതാണ് വിവാദമായത്. കാക്കനാട്ട് സീപോര്‍ട്ട് എയര്‍ പോര്‍ട്ട് റോഡരികില്‍ 69 സെന്റ്, തൃക്കാക്കര ഭാരത് മാതാ കോളേജിന് സമീപം 60 സെന്റ്, തൃക്കാക്കര കൊല്ലംകുടി മുകളില്‍ ഒരു ഏക്കര്‍, മരടില്‍ 54 സെന്റ് എന്നിങ്ങനെയാണ് സഭ കച്ചവടം ചെയ്തത്.

27 കോടി മതിപ്പുവിലയുള്ള സ്ഥലങ്ങള്‍ ഒമ്പത് കോടിക്കാണ് വിറ്റത്. സെന്റിന് ഒമ്പതര ലക്ഷത്തിന് വില്‍ക്കാനാണ് അതിരൂപതയുടെ ഫിനാന്‍സ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്. ഒമ്പത് കോടിയേ ലഭിച്ചുള്ളൂവെന്ന് ഒരു വിഭാഗം വൈദികര്‍ പറയുന്നു.

ബാക്കി തുകയ്ക്ക് കോതമംഗലത്ത് 25 ഏക്കറും മൂന്നാറിന് സമീപം 17 ഏക്കറും ഈടായി വാങ്ങിയെന്നാണ് വിശദീകരണം. കാക്കനാട്ടെ സ്ഥാപനമാണ് സ്ഥലങ്ങള്‍ വാങ്ങിയത്. 36 പേര്‍ക്കാണ് ഭൂമി കൈമാറിയത്. 2016 സെപ്തംബര്‍ ഒന്നിനും അഞ്ചിനുമായി പത്ത് പേര്‍ക്കും 2017 ജനുവരി മുതല്‍ ആഗസ്റ്റ് 16വരെ മറ്റ് 25 പേര്‍ക്ക് കൂടി ഭൂമി പതിച്ചു നല്‍കുകയായിരുന്നു. ഭൂമി കൈമാറ്റ രേഖയിലെല്ലാം ഒപ്പിട്ടിരിക്കുന്നത് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ്.