ശശി തരൂരിനും ഇംഗ്ലീഷ് പിഴച്ചു: പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

single-img
3 January 2018

കഠിനമായ ഇംഗ്ലീഷ് പ്രയോഗമുള്ള ട്വീറ്റുകളിലൂടെ ആളുകളെ വട്ടംകറക്കുന്ന ശശി തരൂര്‍ എംപിയുടെ ഭാഷാപ്രാവീണ്യത്തെ സാമൂഹമാധ്യമങ്ങള്‍ വലിയ രീതിയിലാണ് ഏറ്റെടുത്തിരുന്നത്. പക്ഷേ പുതുവര്‍ഷത്തില്‍ ശശി തരൂരിനും ഇംഗ്ലീഷ് പിഴച്ചു.

പുതുവത്സര ദിനത്തിന് താന്‍ നല്‍കിയ ഫേസ്ബുക്ക് ലൈവ് കാണാന്‍ കഴിയാത്തവര്‍ക്ക് ലിങ്ക് ഇട്ടുകൊണ്ടുള്ള തരൂരിന്റെ ട്വീറ്റിലാണ് തെറ്റ് കടന്നുകൂടിയത്. തന്റെ എഫ്ബി ലൈവ് 20,000 പേര്‍ കണ്ടതിലുള്ള സന്തോഷം അദ്ദേഹം പങ്കുവയ്ക്കുന്നു. ‘Delighted to have 20,000 live viewers for my #FacebookLive at lunchtime on New Year’s Day! Those whom missed it can view it at leisure on….’ he tweeted.

ട്വീറ്റിനു പിന്നാലെ തരൂരിന് പറ്റിയ അമളി ചൂണ്ടിക്കാട്ടി കണ്‍സള്‍ട്ടന്‍സി, മാനേജ്‌മെന്റ് വിദഗ്ധനും അവതാരകനുമായ സുഹേല്‍ സേത്ത് രംഗത്ത് എത്തി. Whom അല്ല who ആണ് വേണ്ടതെന്ന് തരൂരിനെ ഓര്‍മ്മിപ്പിച്ചു. ഫോര്‍ ദോസ് ഹൂ മിസ്ഡ് ഇറ്റ് എന്നതിനു പകരം ദോസ് ഹൂം മിസ്ഡ് ഇറ്റ് എന്നായിരുന്നു തരൂര്‍ കുറിച്ചിരുന്നത്.

ഈ പിഴവ് തിരുത്തലിനു പിന്നാലെ ഇംഗ്ലീഷ് പറഞ്ഞ് ഇത്രയും നാള്‍ സോഷ്യല്‍ മീഡിയയെ ഞെട്ടിച്ച തരൂരിനെ സമൂഹ്യമാധ്യമങ്ങളില്‍ ട്രോള്‍ കൊണ്ട് പൊങ്കാലയിടുകയാണ്. നേരത്തെ തരൂരിന്റെ ഇംഗ്ലീഷ് പാഠവത്തെ ട്രോളി ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ളയും രംഗത്ത് എത്തിയിരുന്നു.

ഇംഗ്ലീഷ് പഠിക്കണോ? എന്റെ സുഹൃത്ത് ശശിതരൂരിനെ പിന്തുടരാമെന്നും നിങ്ങള്‍ ഇതുവരെ കേള്‍ക്കാത്തതും ഉപയോഗിക്കാത്തതുമായ ഭാഷ നിങ്ങള്‍ക്ക് വശത്താക്കാമെന്നായിരുന്നു ഉമറിന്റെ ട്വീറ്റ്.