സുരേഷ് ഗോപിയുടെ അറസ്റ്റ് വീണ്ടും തടഞ്ഞു

single-img
3 January 2018

കൊച്ചി: പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച കേസില്‍ സുരേഷ് ഗോപി എം.പിയെ അറസ്റ്റ് ചെയ്യുന്നത് 10 ദിവസത്തേക്ക് കൂടി തടഞ്ഞു. കേസ് പരിഗണിച്ച ഹൈക്കോടതിയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കേസ് അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

സുരേഷ് ഗോപി നികുതി വെട്ടിച്ച് നിരന്തരം കേരളത്തില്‍ വാഹനം ഉപയോഗിക്കുന്നുണ്ട് എന്ന് പ്രോസിക്യൂഷന്‍ നിലപാട് എടുത്തു. ഈ സാഹചര്യത്തില്‍ സുരേഷ് ഗോപിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കാന്‍ തയാറാണ് എന്ന് സുരേഷ് ഗോപിയുടെ അഭിഭാഷകന്‍ അറിയിച്ചു.

കേരളത്തിലുള്ളവര്‍ വാങ്ങുന്ന വാഹനങ്ങള്‍ക്ക് പുതുച്ചേരി വിലാസത്തില്‍ വ്യാജ രജിസ്‌ട്രേഷന്‍ നടത്തിക്കൊടുക്കുന്നതിനായി ഗൂഢസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഇതിനായി ഒരു സിന്‍ഡിക്കേറ്റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.

പുതുച്ചേരിയില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ 1500 ഓളം വ്യാജ വിലാസങ്ങള്‍ കണ്ടെത്തി. ഒരേ മേല്‍വിലാസത്തില്‍ തന്നെ പല വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്താനും കഴിഞ്ഞുവെന്ന് കോടതിയില്‍ അന്വേഷണ സംഘം അറിയിച്ചു.

സുരേഷ് ഗോപി എം.പി കേസിന്റെ അന്വേഷണവുമായി സഹകരിക്കുന്നില്ല. സുരേഷ് ഗോപി പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതിന്റെ കൃത്യമായ രേഖകള്‍ ക്രൈംബ്രാഞ്ചിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.