സൗദിയിലെ പ്രവാസികള്‍ക്ക് വീണ്ടും ഇരുട്ടടി: ആയിരക്കണക്കിന് മലയാളികള്‍ക്ക് ജോലി നഷ്ടമായേക്കും

single-img
3 January 2018

 


സൗദിയിലെ പ്രവാസികള്‍ക്ക് വീണ്ടും ഇരുട്ടടി നല്‍കി കൊണ്ട് പുതിയ നിയമം പ്രാബല്യത്തിലായി. പുതിയ നിയമ പ്രകാരം അറുപത് വയസ് കഴിഞ്ഞ ഒരു വിദേശി സ്ഥാപനത്തിലുണ്ടെങ്കില്‍ ഇയാളെ രണ്ടാളായി കണക്ക് കൂട്ടും. തൊഴില്‍ മന്ത്രാലയത്തിന്റെ ഈ തീരുമാനം ഇന്നലെ പ്രാബല്യത്തിലായി.

സ്വദേശിവത്കരണത്തിന്റെ ഭാഗമായി സ്ഥാപനങ്ങള്‍ കൂടുതല്‍ സ്വദേശികള്‍ക്ക് ജോലി നല്‍കുന്നതിനായാണ് ഇത്തരത്തില്‍ ഒരു നിയമം കൊണ്ടുവന്നിരിക്കുന്നത്. ഈ നിയമം വന്നതോടെ വിവിധ കമ്പനികളിലെ ജീവനക്കാരുടെ എണ്ണം തൊഴില്‍ മന്ത്രാലയത്തിന്റെ സ്വദേശിവത്കരണ പട്ടികയില്‍ കൂടും.

വിദേശ തൊഴിലാളികളുടെ എണ്ണം വര്‍ധിച്ചതായി അതത് കമ്പനികളുടെ തൊഴില്‍ മന്ത്രാലയത്തിലെ അക്കൗണ്ടില്‍ കാണാം. ആറു മാസം കൊണ്ടാണ് ഈ പ്രക്രിയ പൂര്‍ത്തിയാവുക. ആറു മാസത്തിന് ശേഷം 60 പിന്നിട്ട ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ സ്വദേശികളുടെ എണ്ണം സ്ഥാപനത്തില്‍ കൂട്ടേണ്ടി വരും.

കേരളത്തില്‍ നിന്നുള്ള ആയിരങ്ങളുണ്ട് അറുപത് പിന്നിട്ട് വിവിധ സ്ഥാപനങ്ങളില്‍. ഇവരുടെ ജോലിക്കാര്യം ആശങ്കയിലായി. സൗദി പൌരന്മാര്‍ക്ക് മുവ്വായിരം റിയാലാണ് കുറഞ്ഞ ശമ്പളം നല്‍കേണ്ടത്. അല്ലെങ്കില്‍ 1500 റിയാല്‍ നല്‍കാവുന്ന രണ്ട് സ്വദേശികളെ സ്ഥാപനങ്ങള്‍ നിയമിക്കണം.

കുറഞ്ഞ ശമ്പളത്തില്‍ പണിയെടുപ്പിച്ച ചെറുകിട സ്ഥാപനങ്ങളും ഇതോടെ പ്രയാസത്തിലാകും. നിക്ഷേപ വിസയുള്ളവര്‍, വിദ്യാഭ്യാസ രംഗത്തെ പ്രഫഷണലുകള്‍, മെഡിക്കല്‍ രംഗത്തെ വിദഗ്ധര്‍ എന്നിവര്‍ക്ക് മാത്രമാണ് പുതിയ തീരുമാനത്തില്‍ നേരത്തെ ഇളവ് പ്രഖ്യാപിച്ചത്.