വിദേശ തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവിയില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് സൗദി

single-img
3 January 2018

സൗദി അറേബ്യയിലെ വിദേശ തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവിയില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് അറിയിച്ചു. മന്ത്രിസഭാ യോഗമാണ് ലെവി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. അതുപ്രകാരം ലെവി അടയ്ക്കാന്‍ വിദേശികള്‍ ബാധ്യസ്ഥരാണെന്നും പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് വ്യക്തമാക്കി.

സൗദി അറേബ്യന്‍ മോണിറ്ററി ഏജന്‍സിയുടെ നാഷണല്‍ ഇലക്ട്രോണിക് പെയ്‌മെന്റ് സര്‍വീസായ സദദ് വഴിയാണ് ആശ്രിത ലെവി അടയ്‌ക്കേണ്ടത്. 2017 ജൂലായ് മുതല്‍ 2018 ജൂലായ് വരെ മാസം 100 റിയാലാണ് ലെവി. ലെവി അടയ്ക്കാത്തവര്‍ എക്‌സിറ്റ് റീ എന്‍ട്രി, ഫൈനല്‍ എക്‌സിറ്റ് എന്നിവ നേടാന്‍ ഇത് അടച്ചിരിക്കണം.

ഈ വര്‍ഷം ജൂലായ് ഒന്ന് മുതല്‍ ആശ്രിത ലെവി 200 റിയാലായി ഉയരും. അടുത്ത വര്‍ഷം മുന്നൂറും 2020ല്‍ നാനൂറും റിയാലാണ് പ്രതിമാസം അടയ്‌ക്കേണ്ട ആശ്രിത ലെവി. ഇഖാമ പുതുക്കുന്ന വേളയിലോ മുന്‍കൂറായോ ലെവി അടയ്ക്കാന്‍ സൗകര്യം ഉണ്ടെന്ന് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് വക്താവ് ലഫ്റ്റനന്റ് കേണല്‍ തലാല്‍ അല്‍ ഷല്‍ഹൂബ് പറഞ്ഞു.