“സെക്‌സ് അപ്പീലും പ്രണയവും തമ്മില്‍”: കലാ ഷിബുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറല്‍

single-img
3 January 2018


ലൈംഗീക വിദ്യാഭ്യാസത്തിന്റെ അഭാവം യുവതലമുറയെ എങ്ങനെയെല്ലാം ബാധിക്കുന്നു എന്ന് തുറന്നുകാട്ടുന്നതാണ് പ്രമുഖ സൈക്കോളജിസ്റ്റ് കലാ ഷിബുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ലൈംഗീക വിദ്യഭ്യാസം ലഭിക്കാനുള്ള അവസരം നിഷേധിച്ചുകൊണ്ടുള്ള സിലബസ് ആണ് കുട്ടികള്‍ കണ്ടെത്തുന്നത് എന്നും കലാ ഷിബു പറയുന്നു.

ഇക്കാര്യത്തില്‍ മാതാപിതാക്കളുടെയും, സമൂഹത്തിന്റെയും മാറേണ്ട കാഴ്ചപ്പാടുകളും കലാ ഷിബു പറഞ്ഞുവെയ്ക്കുന്നു. സെക്‌സ് അപ്പീല്‍ എന്ന വാക്കിന്റെ അര്‍ത്ഥമറിയാത്ത ഒരു തലമുറ ഉണ്ടായിരുന്നു എന്ന മുഖവുരയോടെയാണ് കലാ ഷിബുവിന്റെ കുറിപ്പ് തുടങ്ങുന്നത്.
ഫെയ്‌സ്ബുക്ക് കുറിപ്പ്

SEX APPEAL എന്ന വാക്കിന്റെ അര്‍ത്ഥമറിയാത്ത ഒരു തലമുറ ഉണ്ടായിരുന്നു. വാട്‌സ്ആപ്പും ഫെയ്‌സ്ബുക്കും ഇല്ല. അപകര്‍ഷതാ ബോധത്തിന് സ്ഥാനമില്ലാതെ കടന്നു പോയ കാലമായിരുന്നു കൗമാരവും യൗവ്വനവും! ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും ഉയര്‍ന്നു വരുന്ന പ്രണയഭാഷയില്‍ ശരീരത്തിന്റെ മുഴുപ്പും അളവിനും സ്ഥാനമില്ല. വൈകാരികമായ ആനന്ദം!

ഒരിക്കല്‍ വാലന്‍ന്റൈന്‍സ് ഡെ കഴിഞ്ഞു പിറ്റേ ദിവസം ഒരു പെണ്‍കുട്ടി എന്നെ കാണാന്‍ എത്തി. മെലിഞ്ഞു നീണ്ട ഒരു സുന്ദരി, ഇരുണ്ട ചിന്തകള്‍ ഏതൊക്കെയോ ഉള്ളില്‍ നിറയുന്നുണ്ട്. അതിന്റെ പിരിമുറുക്കങ്ങള്‍ മുഖഭാവത്തിലുണ്ട്. സംഘര്‍ഷാത്മകവും അങ്ങേയറ്റം വേദനാജനകവുമായ പ്രശ്‌നമാണ് അവളുടേത്.

കൂട്ടുകാരികള്‍ക്കൊക്കെ പ്രണയം ഉണ്ട്. വാലന്റൈന്‍ കാര്‍ഡ് കിട്ടാത്ത ഒരേ ഒരു പെണ്‍കുട്ടി ക്ലാസ്സില്‍ ഞാന്‍ ആണ്. കൂട്ടുകാരികള്‍ പറയുന്നു, നിനക്ക് സെക്‌സ് അപ്പീല്‍ കുറവാണ്, അതാണെന്ന്! മുറിവേറ്റ മനസ്സിനൊരു മരുന്നാണ് കൗണ്‍സിലര്‍ കൊടുക്കേണ്ടത്.

വിവാഹം ആലോചിക്കുന്നു. ജാതകദോഷം ഉള്ളത് കൊണ്ട് നേരത്തെ നടത്താനാണ് വീട്ടുകാരുടെ ശ്രമം. പക്ഷെ അവളുടെ ഈ മനസികാവസ്ഥയുമായി ഏറ്റുമുട്ടുന്ന സാഹചര്യങ്ങള്‍ കൂടി വരുമോ എന്നവള്‍ ഭയക്കുക ആണ്. കാമത്തിന്റെ വിശുദ്ധി. അതില്‍ ശരീരത്തിന്റെ വലുപ്പത്തിന് എവിടെ ആണ് പ്രസക്തി എന്ന് അറിയില്ല.

ശരിയായ അറിവ് പകര്‍ന്നു നല്‍കാന്‍ നമ്മുടെ വിദ്യാഭ്യാസ രീതിയില്‍ വകുപ്പില്ല. വികലമായ മനസ്സിലാക്കലുകള്‍ ആണ് കുട്ടികള്‍ക്ക് കിട്ടുന്നത്. ജീവിതത്തില്‍ ചാപല്യങ്ങള്‍ വേണം. എന്നാല്‍ വിപരീത സാഹചര്യങ്ങളുടെ കുത്തൊഴുക്കുകള്‍ക്കു എതിരെ നീന്താനും കഴിയണം.

വൈരുദ്ധ്യങ്ങളില്‍ നിന്നും വേണ്ടുന്ന ചേരുവ കോര്‍ത്തിണക്കി തന്റേതായ ജീവിത നിര്‍വ്വചനങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചാല്‍ ഏത് പ്രതിസന്ധിയും തരണം ചെയ്യാം. ആരും തന്നിലെ സ്ത്രീ സൗന്ദര്യത്തെ വീണ്ടും വിധം ശ്രദ്ധിക്കുന്നില്ല എന്നവള്‍ പറയുന്നത് അങ്ങേയറ്റം നിരാശയില്‍ ആണ്.

‘വീട്ടില്‍ ഇടയ്ക്കു പുറംപണിക്കു വരുന്ന ഒരു ചേട്ടനുണ്ട്. പുള്ളിക്ക് എന്നോട് ഒരു താല്‍പര്യം ഉണ്ടെന്നു തോന്നാറുണ്ട്..”നിഷ്‌കളങ്കമായി അവള്‍ പറഞ്ഞു. ഡോക്ടര്‍ ആയ അച്ഛനും കോളേജ് അദ്ധ്യാപിക ആയ അമ്മയ്ക്കും കുട്ടിയുടെ പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ ആയില്ല.

അവള്‍ കോളേജില്‍ പോകാന്‍ വിമുഖത കാണിക്കുന്നതിന്റെ ശരിക്കുള്ള കാരണം മനസ്സിലാക്കുന്നില്ല. എന്ത് കൊണ്ടോ നമ്മുടെ നാട്ടിലെ മാതാപിതാക്കള്‍ക്ക് പൊടിമീശ വന്ന ചെക്കനും അംഗലാവണ്യം എത്തിയ പെണ്ണും കുഞ്ഞുങ്ങള്‍ ആണ്. അവര്‍ക്കു sex education എന്നത് നിഷിദ്ധവും പാപവും ആണ്.

സമൂഹത്തില്‍ വിദ്യാസമ്പന്നരുടെ എണ്ണം ഭൂരിപക്ഷവും ആണ്. തെറ്റായ അറിവ് ഒളിച്ചു കിട്ടുന്നതിന് പകരം നേര്‍വഴിക്കു വിജ്ഞാനം ലഭിക്കാനുള്ള അവസരം നിഷേധിച്ചു കൊണ്ടുള്ള സിലബസ് ആണ് കുട്ടികള്‍ കണ്ടെത്തുന്നത്. ഒരു ചൊല്ല് കേട്ടിട്ടുണ്ട്, വൈദ്യരുടെ കുട്ടി പുഴുത്തേ മരിയ്ക്കു എന്ന്! അച്ഛനമ്മമാരുടെ വിദ്യാഭ്യാസ പുരോഗതിക്കു അനുസരിച്ചു കുട്ടികളെ വാര്‍ത്തെടുക്കാന്‍ പറ്റുന്നില്ല.

ബുദ്ധി മാത്രമാണ് അവരുടെ മുന്നിലെ പ്രശ്‌നം. വികാരമെന്നത് ഒരു വിഡ്ഢിത്തം എന്ന മട്ടും! ഒന്ന് മാറ്റി ചിന്തിച്ചാല്‍, ഒരല്‍പം സുഖത്തിനു വേണ്ടി ഹൃദയം മരവിക്കാതെ സൂക്ഷിക്കാം. മൂര്‍ച്ചയേറിയ ചൂഷണത്തിന്റെ അറ്റം കൊണ്ട് മനസ്സില്‍ പോറല്‍ ഏല്‍ക്കാതെ നോക്കാം. കീറി പറിഞ്ഞ ശുഭാപ്തി വിശ്വാസം തുന്നി ചേര്‍ക്കാം..