32 രൂപയുടെ ഗുളിക ലഹരി വസ്തുവെന്ന പേരില്‍ കൊടുക്കുന്നത് 1400 രൂപയ്ക്ക്; ആലപ്പുഴയില്‍ മയക്കുമരുന്ന് മാഫിയ സംഘം പിടിയില്‍

single-img
3 January 2018


പുതുവത്സര ആഘോഷ പരിപാടികളില്‍ ലഹരി വസ്തുക്കളുടെ വില്‍പ്പനയ്ക്കായി എത്തിയ അഞ്ചുപേര്‍ അറസ്റ്റില്‍. കൊടംതുരത്ത് ചരുവുതറവീട്ടില്‍ അമല്‍, അരൂര്‍ തിരുനിലത്ത് വീട്ടില്‍ ബിനില്‍ ബാബു എന്നിവരാണ് അറസ്റ്റിലായത്. ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പുതുവത്സര ആഘോഷപരിപാടികളില്‍ മയക്കുമരുന്ന് ഗുളികകള്‍, ഹാഷിഷ്, കഞ്ചാവ് തുടങ്ങിയ ലഹരിവസ്തുക്കളുടെ വില്‍പനയ്ക്കായി എത്തിയ മയക്കുമരുന്ന് മാഫിയായിലെ പ്രധാന കണ്ണികളെയാണ് ലഹരി വിരുദ്ധ സ്‌ക്വാഡും ലോക്കല്‍ പോലീസും ചേര്‍ന്ന് ആലപ്പുഴയിലും ചേര്‍ത്തലയിലുമായി പിടികൂടിയത്.

സമാധാനപരമായി പുതുവത്സരം ആഘോഷിക്കുന്നതിനും ക്രമസമാധാനം നിലനിര്‍ത്തുന്നതിനും ജില്ലയില്‍ ഉടനീളം പ്രത്യേകം വാഹനപരിശോധനകളും മറ്റ് ക്രമീകരണങ്ങളും സജ്ജമാക്കിയിരുന്നു. ജില്ലയില്‍ ലഹരിയുടെ ഒഴുക്ക് തടയുന്നതിനായി നടത്തിയ ശക്തമായ പരിശോധനയില്‍ ചേര്‍ത്തല കുത്തിയതോടുവെച്ചാണ് രണ്ടുപേരെ പോലീസ് അറസ്റ്റ്‌ചെയ്തത്.

നൈട്രോസണ്‍ എന്ന മയക്കുമരുന്നുഗുളിക മാനസികരോഗികള്‍ക്ക് മരുന്നായി കൊടുക്കുന്നതാണ്. 32 രൂപ സ്ര്ടിപ്പിനു വിലവരുന്ന ഈ ഗുളിക പ്രതികള്‍ 1400 രൂപയ്ക്കാണ് വില്‍പന നടത്തി വരുന്നത്. ഇത്തരത്തിലുള്ള മുന്നൂറോളം എണ്ണം വരുന്ന ഗുളികകളാണ് ഇവരുടെ കൈയില്‍നിന്നും പിടികൂടിയത്. ഡോക്ടറുടെ കുറിപ്പനുസരിച്ചു മാത്രം കിട്ടുന്ന ഈ ഗുളിക പ്രതികള്‍ അന്യസംസ്ഥനത്തുനിന്നും വലിയതോതില്‍ കടത്തികൊണ്ടുവന്ന് സംസ്ഥാനത്ത് ഉടനീളം വില്‍പ്പനനടത്തി വരികയായിരുന്നു.

ആലപ്പുഴ മട്ടാഞ്ചേരി പാലത്തിനു സമീപം ലഹരി മരുന്നുകളും കഞ്ചാവുമായി മൂന്നുപേരെ ലഹരിവിരുദ്ധ സ്‌ക്വാഡും ആലപ്പുഴ നോര്‍ത്ത് പോലീസും ചേര്‍ന്ന് ആസൂത്രിതമായി പിടികൂടി. കൊച്ചിന്‍ പള്ളുരുത്തി പാര്‍വയില്‍ ഇജാസ്, ഏറണാകുളം കുമ്പളം പഴയകോവില്‍ ശശിധരന്‍ മകന്‍ സുകുമാര്‍, അരൂര്‍ ചന്തിരൂര്‍ പാറ്റ് വീട്ടില്‍ ഫെബിന്‍ ജോസ് എന്നിവരാണ് അറസ്റ്റിലായ പ്രതികള്‍.

ലഹരി വില്‍പന കേന്ദ്രങ്ങളില്‍ ലക്ഷങ്ങള്‍ വിലവരുന്ന മയക്കുമരുന്ന് ഗുളികകളും ഹാഷിഷും കഞ്ചാവുമാണ് രണ്ടിടത്തുമായി പോലീസ് കണ്ടെടുത്ത്. ഇത്തരം റാക്കറ്റുകളുടെ പിന്നില്‍ അന്യസംസ്ഥാന ലോബികള്‍ പ്രവര്‍ത്തിക്കുന്നതയാണ് ചോദ്യം ചെയ്യലില്‍ നിന്നും വ്യക്തമായത്. കുട്ടികളെയും യുവാക്കളേയും ഇടനിലക്കരായി നിര്‍ത്തിയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.