എ.ടി.എം സേവനത്തിന് വാറ്റ് ബാധകമല്ലെന്ന് സൗദി

single-img
3 January 2018

എ.ടി.എം സേവനത്തിന് വാറ്റ് ബാധകമല്ലെന്ന് സൗദി ബാങ്കുകളുടെ മേല്‍നോട്ടം വഹിക്കുന്ന അതോറിറ്റി വ്യക്തമാക്കി. സ്വന്തം അക്കൗണ്ടുള്ളതോ ഇതര ബാങ്കുകളുടേതോ എ.ടി.എം ഉപയോഗിക്കുന്നതിന് വാറ്റ് ഈടാക്കില്ലെന്ന് സൗദി ബാങ്ക്‌സ് മീഡിയ വിഭാഗം സെക്രട്ടറി ജനറല്‍ തല്‍അത് ഹാഫിസ് പറഞ്ഞു.

ഇത്തരത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചത് അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാങ്കുകളില്‍ നിന്ന് ഏതെങ്കിലും തരത്തില്‍ പണം പിന്‍വലിക്കുന്നതിന് നികുതി ഏര്‍പ്പെടുത്തിയിട്ടില്ല. മൂല്യ വര്‍ധിത നികുതിയില്‍ നിന്ന് ഒഴിവാക്കിയ ഇനമാണ് എ.ടി.എം സേവനമെന്നതും സെക്രട്ടറി ജനറല്‍ പറഞ്ഞു.

ബാങ്കുകള്‍ നല്‍കുന്ന ഏതെല്ലാം സേവനങ്ങള്‍ക്ക് വാറ്റ് ബാധകമാണെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ നിയമലംഘനം ശ്രദ്ധയില്‍പെട്ടാല്‍ 19993 എന്ന ജനറല്‍ അതോറിറ്റി ഓഫ് സകാത്ത് ആന്‍ഡ് ടാക്‌സിനെ അറിയിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.

അതിനിടെ സൗദിയില്‍ മൂല്യ വര്‍ധിത നികുതി (വാറ്റ്) പ്രാബല്യത്തില്‍ വന്ന സാഹചര്യത്തില്‍ വില്‍പന കേന്ദ്രങ്ങളില്‍ നടക്കാന്‍ സാധ്യതയുള്ള കൃത്രിമങ്ങളെ കുറിച്ച് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അഞ്ച് ശതമാനം നികുതി ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുമ്പോള്‍ അത് അര്‍ഹതപ്പെട്ട ജനറല്‍ അതോറിറ്റി ഓഫ് സകാത്ത് ആന്‍ഡ് ടാക്‌സിന് ലഭിക്കാതിരിക്കാന്‍ നാല് രീതിയിയിലുള്ള കബളിപ്പിക്കല്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ വിശദീകരിച്ചു. ഇത്തരത്തില്‍ നിയമലംഘനം ശ്രദ്ധയില്‍ പെടുന്നവര്‍ അതോറിറ്റിയുടെ 19993 എന്ന ഏകീകൃത നമ്പറില്‍ അറിയിക്കണം.

സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റിയില്‍ വാറ്റ് രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനം നികുതി ഈടാക്കാന്‍ പാടില്ല. ഇതാണ് കബളിപ്പിക്കലിന്റെ പ്രാഥമിക രീതി. വാറ്റ് രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്ക് പ്രത്യേക നമ്പര്‍ ഉണ്ടായിരിക്കും. അത് ബില്ലില്‍ രേഖപ്പെടുത്തണമെന്നാണ് നിയമം പറയുന്നത്.

വാറ്റ് രജിസ്‌ട്രേഷനുള്ള സ്ഥാപനങ്ങള്‍ ബില്ലില്‍ വാറ്റ് നമ്പറും നികുതി സംഖ്യയും രേഖപ്പെടുത്താതെ ഉപഭോക്താവില്‍ നിന്ന് സംഖ്യ ഈടാക്കുന്നതാണ് രണ്ടാമത്തെ കബളിപ്പിക്കല്‍ രീതി. അഞ്ച് ശതമാനം നികുതി ബില്ലില്‍ നിയമാനുസൃതം രേഖപ്പെടുത്തുമ്പോള്‍ അതില്‍ കൂടുതല്‍ സംഖ്യ ഉല്‍പന്നങ്ങള്‍ക്ക് വില കൂട്ടുന്നതാണ് മൂന്നാമത്തെ രീതി.

കൃത്രിമമോ വ്യാജമോ ആയ വാറ്റ് രജിസ്‌ട്രേഷന്‍ നമ്പര്‍ ബില്ലില്‍ പ്രിന്റ് ചെയ്ത് സംഖ്യ ഈടാക്കുന്നതാണ് നാലാമത്തെ കബളിപ്പിക്കല്‍ രീതി. ഏത് രീതിയിലുള്ള കബളിപ്പിക്കലും അനധികൃതമായി സംഖ്യ ഈടാക്കുന്നതും നികുതി അനുപാതത്തിലധികം വില വര്‍ധിപ്പിക്കുന്നതും നിയമലംഘനമാണ്.

പിഴയും ശിക്ഷയും ഇതിനുണ്ടാകും. ഉപഭോക്താക്കള്‍ക്ക് ബാക്കി നല്‍കാന്‍ ചില്ലറ വില്‍പന കടകളില്‍ നാണയത്തുട്ടുകള്‍ സൂക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് വാണിജ്യ, നിക്ഷേമ മന്ത്രാലയം വ്യക്തമാക്കി. നാണയത്തുട്ടുകള്‍ സൂക്ഷിക്കാത്ത കടകള്‍ക്ക് തുടക്കത്തില്‍ ചുരുങ്ങിയത് 100 റിയാല്‍ പിഴ ചുമത്തും.