രഞ്ജി ട്രോഫിക്ക് പുതിയ രാജാക്കന്മാര്‍: വിദര്‍ഭയെ തേടിയെത്തിയത് അര്‍ഹിച്ച കിരീടം

single-img
2 January 2018

തുടരെ രണ്ടാം വര്‍ഷവും രഞ്ജി ട്രോഫിക്ക് പുതിയ രാജാക്കന്മാര്‍. കഴിഞ്ഞ വര്‍ഷം ഗുജറാത്തെങ്കില്‍ ഇത്തവണ വിദര്‍ഭ. സീസണില്‍ ഉടനീളം കാഴ്ച വച്ച ആധികാരിക മികവോടെയാണ് വിദര്‍ഭ ആദ്യ കിരീടത്തില്‍ മുത്തമിട്ടത്. ലീഗ് ഘട്ടത്തിലെ ആറ് കളികളില്‍ നാലിലും വിജയവുമായാണ് വിദര്‍ഭ നോക്കൌട്ടിലേക്ക് യോഗ്യത നേടിയത്. ക്വാര്‍ട്ടറില്‍ കേരളത്തിന് എതിരെ 412 റണ്‍സിന്‍റെ കൂറ്റന്‍ വിജയം. സെമിയിലെ ആവേശപ്പോരാട്ടത്തില്‍ കരുത്തരായ കര്‍ണ്ണാടകയെ മറികടന്നത് വെറും അഞ്ച് റണ്‍സിന്. ഒടുവില്‍ ഫൈനലില്‍ ഡല്‍ഹിക്കെതിരെ ഒന്‍പത് വിക്കറ്റിന്‍റെ ഉജ്ജ്വല വിജയം. വിദര്‍ഭയെ തേടിയെത്തിയത് അര്‍ഹിച്ച കിരീടം തന്നെ.

ക്യാപ്റ്റന്‍ ഫയീസ് ഫസലും വസിം ജാഫറും അടക്കമുള്ള പരിചയ സന്പന്നര്‍ക്കൊപ്പം ഒരു പിടി യുവതാരങ്ങളുടെ കൂടി മികവാണ് വിദര്‍ഭയെ കന്നി കിരീടത്തിലേക്ക് നയിച്ചത്. ഇതില്‍ എടുത്തു പറയേണ്ടത് ക്യാപ്റ്റന്‍ ഫയിസ് ഫസലിന്‍റെ പ്രകടനം തന്നെ. ആഭ്യന്തര ക്രിക്കറ്റില്‍ 14 വര്‍ഷത്തെ പരിചയ സന്പത്തുള്ള ഫസല്‍ ഈ സീസണില്‍ നേടിയത് 900ളം റണ്‍സാണ്. ഫസലിനൊപ്പം മറ്റൊരു ഓപ്പണറായ സഞ്ജയ് രാമസ്വാമിയുടെ പ്രകടനവും ശ്രദ്ധേയമായി.

പഞ്ചാബിനെതിരെ 161 റണ്‍സുമായി സീസണ് തുടക്കമിട്ട സഞ്ജയ്, ബംഗാള്‍, ഹിമാചല്‍പ്രദേശ് തുടങ്ങിയ ടീമുകള്‍ക്കെതിരെയും മികച്ച ഇന്നിങ്സുകള്‍ കാഴ്ച വച്ചു. ബാറ്റിങ്ങിലും ബൌളിങ്ങിലും തിളങ്ങിയ ഓള്‍ റൌണ്ടര്‍ ആദിത്യ സര്‍വാടെയാണ് മറ്റൊരു താരം. സീസന്‍റെ പകുതിയില്‍ ടീമിനൊപ്പം ചേര്‍ന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ അക്ഷയ് വാഡ്കറുടെ മികവും എടുത്ത് പറയേണ്ടത് തന്നെ. കേരളത്തിനെതിരെ രണ്ടിന്നിങ്സിലും വാഡ്കര്‍ നേടിയ അര്‍ദ്ധ സെഞ്ച്വറികളാണ് മല്സരത്തിന്‍റെ വിധി നിര്‍ണ്ണയിച്ചത്. ഫൈനലില്‍ ഡല്‍ഹിക്കെതിരെ അക്ഷയ് നേടിയ സെഞ്ച്വറി ടീമിന് മികച്ച സ്കോറും അത് വഴി കിരീടവും സമ്മാനിച്ചു.

എന്നാല്‍ ഇതിനല്ലാം എടുത്ത് പറയേണ്ട മികവ് പേസ് ബൌളര്‍ രജനീഷ് ഗുര്‍ബാനിയുടേത് തന്നെ. രഞ്ജിയിയുടെ സമീപകാല ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ബൌളര്‍ സെമിയിലും ഫൈനലിലും താരമാകുന്നത്. സെമിയില്‍ കര്‍ണ്ണാടകക്കെതിരെ 12 വിക്കറ്റും ഫൈനലില്‍ ഹാട്രിക്ക് അടക്കം എട്ട് വിക്കറ്റുമാണ് ഗുര്‍ബാനി നേടിയത്. രഞ്ജി ഫൈനലില്‍ ഒരു താരം ഹാട്രിക് നേടുന്നത് ചരിത്രത്തില്‍ ഇത് രണ്ടാം തവണ. എന്തായാലും ഈ കിരീട നേട്ടം കരിയറില്‍ കൂടുതല്‍ നിര്‍ണ്ണായകമാവുക ഈ 24കാരന്‍ പേസ് ബൌളര്‍ക്ക് തന്നെ.

കോച്ച് ചന്ദ്രകാന്ത് പണ്ഡിറ്റ്, ബൌളിങ് പരിശീലകന്‍ സുബ്രതോ ബാനര്ജി തുടങ്ങി ടീമിന്‍റെ മികവിനെ തേച്ചു മിനുക്കിയ സപ്പോര്‍ട്ടിങ് സ്റ്റാഫിന് കൂടി അവകാശപ്പെട്ടതാണ് ഈ വിജയം. ഒപ്പം വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷനും. സംസ്ഥാന തലത്തില്‍ അസോസിയേഷന്‍ നടപ്പാക്കിയ ചില പദ്ധതികളാണ് ടീമിന്‍റെ പ്രകടനത്തില്‍ നിര്‍ണ്ണായകമായത്. ഈ വര്‍ഷം തുടങ്ങിയ ഗുസ്ദെര്‍ ട്രോഫി എന്ന ടൂര്‍ണ്ണമെന്‍റ് തന്നെ ഉദാഹരണം.

രഞ്ജി സീസണിടെ താരങ്ങളുടെ ഫോം നഷ്ടപ്പെട്ടാല്‍ പകരക്കാരെ കണ്ടെത്തുക ബുദ്ധിമുട്ടാണ്. ഇതിനായി രഞ്ജി സീസണ് സമാന്തരമായി ഗുസ്ദെര്‍ ടൂര്‍ണ്ണമെന്‍റ് തുടങ്ങി. അതിനാകട്ടെ ഫലവുമുണ്ടായി. സീസണിടെ വിക്കറ്റ് കീപ്പര്‍മാരായ ജിതേഷ് ശര്‍മ്മയ്ക്കും സിദ്ദേഷ് വാധിനും ഫോം നഷ്ടപ്പെട്ടതോടെ ഗൂസ്ദെര്‍ ടൂര്‍ണ്ണമെന്‍റില്‍ തിളങ്ങിയ അക്ഷയ് വാഡ്കര്‍ക്ക് ടീമിലേക്ക് വഴി തുറന്നു. ക്വാര്‍ട്ടറിലും ഫൈനലിലും വാഡ്കര്‍ ടീമിന്‍റെ രക്ഷനാവുകയും ചെയ്തു.

എന്തായാലും പഴയ കരുത്തന്മാര്‍ക്കപ്പുറം പുതിയ കരുത്തുമായി ചെറു ടീമുകളുടെ ഉയര്‍ന്നുവരവ് ഇന്ത്യന്‍ ക്രിക്കറ്റിന് പ്രതീക്ഷയാണ്. ആദ്യമായി നോക്കൌട്ടിലേക്ക് മുന്നേറിയ കേരളവും ഈ വഴിയിലെന്ന് പ്രതീക്ഷിക്കാം