ഇത് ന്യൂ ജനറേഷൻ കവർച്ചയുടെ കാലം: ജാഗ്രത പാലിക്കാൻ നിർദ്ദേശങ്ങൾ

single-img
2 January 2018

കഴിഞ്ഞ കുറച്ച് നാളുകള്‍ ആയി നമ്മുടെ നാട്ടില്‍ വന്‍ കവര്‍ച്ചകള്‍ നടക്കുന്ന വാര്‍ത്തകള്‍ റിപ്പോർട്ട് ചെയ്യപ്പെടുന്നു. അന്യദേശക്കാരായവരാണ് ഇത്തരം വന്‍ കവര്‍ച്ചകള്‍ക്ക് പുറകില്‍. പണ്ടുകാലത്ത് മോഷണം എന്നത് സ്വര്‍ണ്ണമോ പണമോ മാത്രം മോഷ്ടിക്കുന്നതില്‍ ഒതുങ്ങിയിരുന്നു എങ്കില്‍ ഇന്നത് മോഷണമെന്നതില്‍ നിന്നും ബലാത്സംഗം, കൊലപാതകം എന്നിവയില്‍ വരെ എത്തിനില്‍ക്കുന്നു. ഇന്നത്തെ മോഷ്ടാക്കള്‍ക്ക് യാതൊരു ദയയുമില്ല. കൂട്ടത്തോടെ വന്നു വീടിന്റെ വാതില്‍ അടിച്ച് തകര്‍ത്ത് അകത്ത് കടക്കുന്ന രീതിവരെ ആയിക്കഴിഞ്ഞു. വീട്ടിലുള്ളവരെ മാരകമായ് പരുക്കേല്‍പ്പിക്കുന്നതും ഇക്കൂട്ടരുടെ രീതിയാണു. ആക്റ്റിവിസ്റ്റ് രതിഷ് ആർ മേനോൻ നൽകുന്ന മുൻകരുതൽ നിർദ്ദേശങ്ങൾ വായിക്കാം.

1.ആദ്യം ശ്രദ്ധിക്കേണ്ടത് വീടിന്റെ പുറത്ത് പരിസരത്ത് കോടാലി വാക്കത്തി എന്നിവ ഒന്നും സൂക്ഷിക്കരുത് എന്നതാണു. പലപ്പോഴും മരം വെട്ടിയതിനും തേങ്ങ പൊളിച്ചതിനും ശേഷം ഇതൊക്കെ അലസമായ് ഇടുന്നവരാണു നമ്മള്‍. മോഷ്ടാക്കള്‍ക്ക് അതു എളുപ്പമാകും. പിന്‍ വാതില്‍ തകര്‍ത്താണു കൂടുതല്‍ മോഷ്ടാക്കളും അകത്ത് കടക്കുന്നത്. അവര്‍ക്ക് പണി എളുപ്പമാക്കാന്‍ ഇത്തരം ഉപകരണങ്ങള്‍,കമ്പി കഷണങ്ങള്‍ എന്നിവ ഒന്നും തന്നെ പുറത്തിടാതിരിക്കുക.

2.വീടിനു പുറത്ത് ഏണി ചാരി വയ്ക്കുന്നത് ഒഴിവാക്കുക. ബാത്ത് റൂമിന്റെ വെന്റിലേറ്റര്‍ രാത്രികാലങ്ങളില്‍ അടച്ചിടാന്‍ ശ്രദ്ധിക്കുക
പിന്‍ വാതിലിന്റെ പുറകില്‍ മെറ്റല്‍ ബാര്‍കൊണ്ട് ഒരു ക്രോസ് ലോക്കിങ്ങ് ഉണ്ടാക്കാന്‍ ശ്രമിക്കുക. വീടിന്റെ നാലു വശവും വാട്സ് വളരെ കുറഞ്ഞ എല്‍ ഇ ഡി ലൈറ്റുകള്‍ തെളിയിച്ചിടാന്‍ ശ്രദ്ധിക്കുക.

3. വീട്ടില്‍ വരുന്ന പിച്ചക്കാര്‍ക്ക് പണം ഒരിക്കലും നല്‍കാതിരിക്കുക.

4. ഇന്നത്തെ സ്ത്രീകള്‍ മുക്കുപണ്ടം ആഭരണങ്ങള്‍ ഉപയോഗിച്ചാല്‍ പോലും അത് വളരെ വലിയ തരത്തിലുള്ളവ ഉപയോഗിക്കുന്നവരാണു. ആഭരണങ്ങള്‍ മുക്കുപണ്ടമായാലും സ്വര്‍ണ്ണമായാലും വളരെ വലിയ രീതിയിലുള്ളത് പ്രദര്‍ശിപ്പിക്കാതിരിക്കുക,മോഷ്ടാക്കള്‍ ആകൃഷ്ടരാവാന്‍ അതൊരു കാരണ​‍മാകും. വലിയ വീട്ടിലെ സ്ത്രീ അണിഞ്ഞിരിക്കുന്നത് മുക്കുപണ്ടമായാലും മോഷ്ടാവിനത് പെട്ടന്ന് മനസ്സിലാവണമെന്നില്ല.

5.വീടിന്റെ പരിസരത്ത് പതിവില്ലാതെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതോ ആളുകള്‍ സംസാരിച്ച് നില്‍ക്കുന്നതോ ഒക്കെ കണ്ടാല്‍ ഒന്നു ശ്രദ്ധിച്ചേക്കുക.

6.വീട് പൂട്ടി പുറത്ത് പോകുന്നവര്‍ അത് അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അറിയിക്കുക. താക്കോല്‍ വീട്ടിലുള്ളവര്‍ക്ക് നമ്മള്‍ വരാന്‍ വൈകിയാലും എടുക്കാനായ് ജനലിന്റെ സൈഡിലും വെന്റിലേറ്ററിലും പൂച്ചട്ടിയിലും ഒക്കെ ഒളിച്ച് വയ്ക്കുന്ന പ്രവണത ഒഴിവാക്കുക.

7.സ്വര്‍ണ്ണം,പണം എന്നിവ ആവശ്യത്തിലും അധികം വീട്ടില്‍ സൂക്ഷിക്കാതിരിക്കുക. കള്ളന്‍ കയറിയാല്‍ ശ്രദ്ധിക്കുന്ന ഭാഗങ്ങള്‍ അല്ലാതെ ഏറ്റവും തുറന്ന സ്ഥലത്ത് പണം സൂക്ഷിക്കുന്നതാണു ഉചിതം.

8.വീട്ടില്‍ കുട്ടികള്‍ ഉണ്ടെങ്കില്‍ അവരോട് വീട്ടില്‍ പണം ഇല്ല എന്നു തന്നെ ബോധ്യപ്പെടുത്തി വേണം പണം സൂക്ഷിക്കാന്‍. കാരണം കള്ളന്‍ കയറിയാല്‍ കുട്ടികളെ ഭീഷണിപ്പെടുത്തി എവിടെയാണു നമ്മള്‍ പണം സൂക്ഷിക്കുന്നതെന്നു വളരെ വേഗം അറിയാന്‍ സാധിക്കും.

9.വീട് പൂട്ടുന്നത് കൂടാതെ ബെഡ് റൂം.മറ്റു റൂമുകള്‍ എല്ലാം മറക്കാതെ ലോക്ക് ചെയ്യണം.

10. വാതിലിനടുത്ത് ചേര്‍ത്തോ ഹാന്റിലുകള്‍ക്ക് മുകളിലോ ഒക്കെ സ്റ്റീല്‍ പാത്രങ്ങള്‍ വയ്ക്കുക. വാതില്‍ തുറക്കാന്‍ ശ്രമിച്ചാല്‍ അവ താഴെ വീഴുംബോ നമുക്ക് ശബ്ദം കേള്‍ക്കാന്‍ ആകും.

11. എപ്പോഴും അയല്‍ക്കാരുമായ് നല്ല ബന്ധം സൂക്ഷിക്കുക. അവരുടെ കോണ്ടാക്റ്റ് നംബര്‍ വാങ്ങി സൂക്ഷിക്കുക. ഒരു കാരണവശാലും ആളനക്കം കേട്ടു എന്നു കരുതി ഒറ്റയ്ക്ക് പുറത്തിറങ്ങരുത്.അപ്പുറത്തെ വീട്ടില്‍ ഉള്ളവരെ കൂടി അറിയിച്ച ശേഷം പുറത്തിറങ്ങുക.

12. കോളിങ്ങ് ബെല്‍ മുഴങ്ങിയാല്‍ ഉടനെ വാതില്‍ തുറക്കരുത്. ജനലിലൂടേയോ മറ്റോ വന്നിരിക്കുന്നത് ആരെന്നു നോക്കിയ ശേഷം മാത്രം വാതില്‍ തുറക്കുക.

13. പാല്‍,പത്രം എന്നിവ നമ്മള്‍ വീട്ടില്‍ ഇല്ലാത്തപ്പോള്‍ അന്നേ ദിവസം ഇടരുതെന്നു വിതരണക്കാരോട് പറയുക.വീടിനു മുന്നില്‍ പത്രവും,പാലും ഒക്കെ കാണുന്നത് നമ്മള്‍ വീട്ടില്‍ ഇല്ല എന്ന സൂചനകള്‍ ആണു.

14. വീട്ടില്‍ ആരും ഇല്ലാത്ത സമയങ്ങളില്‍ രാത്രി ആകുംബോള്‍ ലൈറ്റ് തെളിയിക്കാന്‍ അയല്‍ക്കാരെ ഏല്‍പ്പിക്കുക ..പകലും ലൈറ്റുകള്‍ തെളിഞ്ഞു കിടന്നാല്‍ നമ്മള്‍ വീട്ടില്‍ ഇല്ല എന്ന സൂചനയായ് കള്ളനു അത് സഹായകരമാകും.

15. ഉറങ്ങാന്‍ കിടക്കുന്നതിനു മുന്‍പ് കട്ടിലിന്റെ അടിയിലും മറ്റും ആരും ഇല്ല എന്നു ഉറപ്പാക്കുക.പലപ്പോഴും കള്ളന്മാര്‍ നേരത്തേ തന്നെ നാം അറിയാതെ വീട്ടില്‍ കേറിപറ്റാറുണ്ട്.

16 . വീട്ടില്‍ വില്‍പ്പനയ്ക്കെന്നു പറഞ്ഞു വരുന്നവരുമായ് അധികം സംസാരിക്കാതെയിരിക്കാനും അവരെ വീടിനു പുറത്ത് മാത്രം നിര്‍ത്താനും ശ്രദ്ധിക്കുക.അതുപോലെ കൈകുഞ്ഞുമായ് വന്നു ഭിക്ഷ ചോദിക്കുന്ന സ്ത്രീകളെയും ശ്രദ്ധിക്കുക.പലപ്പോഴും അവര്‍ മോഷ്ടാക്കളുടെ ആജ്ഞാനുവര്‍ത്തികള്‍ ആണു.

17. ഫോണ്‍,കേബിള്‍ സര്‍വീസ് എന്നൊക്കെ പറഞ്ഞു വരുന്നവര്‍ അവര്‍ അംഗീകൃത ഏജന്റിന്റെ ആള്‍ക്കാര്‍ ആണെന്നു തന്നെ ഓഫീസില്‍ വിളിച്ച് അന്വേഷിച്ച ശേഷം മാത്രം വീട്ടില്‍ കയറ്റുക.

18. രാത്രി കാലങ്ങളില്‍ വീടിനു പുറത്ത് പൈപ്പിലെ വെള്ളം പോകുന്ന ശബ്ദമോ കുട്ടിയുടേയോ സ്ത്രീയുടേയോ കരച്ചില്‍ കേട്ടു എന്നു കരുതി ഉടനെ വാതില്‍ തുറക്കാതിരിക്കുക.ഇതെല്ലാം നമ്മളെ വീടിനു പുറത്തെത്തിക്കാന്‍ കള്ളനു സഹായകരമാകും എന്നതിനാല്‍ അവരത് കൃത്രിമമായ് ഉണ്ടാക്കിയേക്കാം എന്നത് ശ്രദ്ധിക്കുക.

19. വീട്ടില്‍ ആക്രി പെറുക്കാന്‍ എന്ന രീതിയില്‍ വരുന്നവരെ പരിസരത്തൊന്നും അടുപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.പരിസര വീക്ഷ്ണത്തിനു വരുന്ന മോഷ്ടാക്കള്‍ കൂടുതലും ആ രീതിയാണു അവലംബിക്കുന്നത്.