പാക്കിസ്ഥാന് കനത്ത തിരിച്ചടി: 1400 കോടിയുടെ ധനസഹായം അമേരിക്ക നിര്‍ത്തി വച്ചു

single-img
2 January 2018

പാക്കിസ്ഥാനുള്ള ധനസഹായം അമേരിക്ക നിര്‍ത്തി വച്ചു. കഴിഞ്ഞ 15 വര്‍ഷമായി 33 ബില്യണ്‍ ഡോളര്‍ ധനസഹായം കൈപ്പറ്റിയ പാക്കിസ്ഥാന്‍ അമേരിക്കയെ വിഡ്ഡികളാക്കുകയായിരുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റിലൂടെ വ്യക്തമാക്കി.

അമേരിക്കക്കാരെല്ലാം മണ്ടന്മാരാണെന്നാണ് പാകിസ്ഥാന്റെ വിചാരം. അമേരിക്കൻ സൈന്യം അഫ്ഗാനിസ്ഥാനിൽ പോരാട്ടം നടത്തുമ്പോൾ തങ്ങളുടെ മണ്ണിൽ ഭീകരർക്ക് സുരക്ഷിത താവളമൊരുക്കുകയാണ്‌ പാകിസ്ഥാൻ ചെയ്‌തത്. അതിനാൽ തന്നെ ഈ മണ്ടത്തരം അവസാനിപ്പിക്കുകയാണെന്നും ട്രംപ് തന്റെ ട്വിറ്ററിലൂടെ അറിയിച്ചു.

ഭീകര സംഘടനകൾക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ പാകിസ്ഥാൻ നിഷ്ക്രിയത്വം കാട്ടുന്നതിലുള്ള അതൃപ്തിയാണ് യു.എസിനെ കടുത്ത നടപടിയിലേക്ക് നയിച്ചത്. ഭീകരവിരുദ്ധ പോരാട്ടത്തോട് വിമുഖത കാട്ടുന്ന പാകിസ്ഥാനെ ട്രംപ് ഭരണകൂടം നിരീക്ഷിച്ചുവരികയാണെന്ന് യു.എസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് കാബൂളിൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം.