സ്ത്രീകളുടെ ഹജ്ജ്: മോദിയുടെ അവകാശവാദം നുണ; വിലക്ക് നീക്കിയത് സൌദി സർക്കാർ

single-img
2 January 2018

പുരുഷനോടൊപ്പമല്ലാതെ സ്ത്രീകൾക്ക് ഒറ്റയ്ക്ക് ഹജ്ജിനു പോകുവാനുള്ള വിലക്ക് നീക്കിയതിനു പിന്നിൽ താനാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അവകാശവാദം പൊളിയുന്നു. നാലു സ്‌ത്രീകളുടെ വീതം സംഘങ്ങളെ അനുവദിക്കാൻ സൗദി അറേബ്യ തീരുമാനിച്ച പശ്‌ചാത്തലത്തിലുള്ള നടപടി മാത്രമാണ് ഇന്ത്യയുടേതെന്നു സർക്കാർ വൃത്തങ്ങൾ പറയുന്നു.

ഒരു പുരുഷ രക്ഷകർത്താവിനോടൊപ്പമല്ലാതെ മുസ്ലീം സ്ത്രീകൾക്ക് ഹജ്ജിനു പോകുവാൻ കഴിയില്ല എന്ന നിയമം ഈയിടെയാണു തന്റെ ശ്രദ്ധയിൽപ്പെട്ടതെന്നും ഇത് സ്ത്രീകൾക്കെതിരായ വിവേചനമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ പ്രതിമാസ റേഡിയോ പ്രഭാഷണമായ മൻ കി ബാത്തിലൂടെ പറഞ്ഞിരുന്നു. ഇതിനേക്കുറിച്ചു കൂടുതൽ അന്വേഷിച്ചപ്പോൾ ഇന്ത്യയിലെ നിയമങ്ങളാണു ഇതിനു തടസ്സമായി നിൽക്കുന്നതെന്നും വർഷങ്ങളായി തുടർന്നുവരുന്ന അനീതി താൻ അവസാനിപ്പിച്ചുവെന്നുമാണു മോദി അവകാശപ്പെട്ടത്.

എന്നാൽ ഈ അവകാശവാദമാണു നുണയാണെന്ന് തെളിയുന്നത്. സ്ത്രീകൾക്ക് പുരുഷ രക്ഷകർത്താവിനോടൊപ്പമല്ലാതെ (മെഹ്രം) ഹജ്ജ് ചെയ്യാൻ കഴിയുകയില്ല എന്ന നിയമം സൌദി അറേബ്യയിൽ 2015 വരെയും ഉണ്ടായിരുന്നു. ഉമ്ര, ഹജ്ജ് വിസകൾ അനുവദിക്കുമ്പോൾ ഈ നിയമപ്രകാരം മാത്രമാണു വിസ അനുവദിച്ചിരുന്നത്. സൌദിയുടെ വിസാ നിയമങ്ങളിൽ ഏകപക്ഷീയമായി ഇന്ത്യയ്ക്ക് മാറ്റം വരുത്തുവാൻ സാധിക്കുകയില്ല.

2015-ലാണു സൌദി വിസാ നിയമങ്ങളിൽ ഭേദഗതി വരുത്തിയത്.  45-വയസ്സിനു മുകളിൽ പ്രായമുള്ള സ്ത്രീകൾക്ക് രക്ഷിതാവിന്റെ സമ്മതപത്രത്തോടെ ഏതെങ്കിലും അംഗീകൃത ഹജ്ജ് യാത്രാ സംഘത്തോടൊപ്പം ഹജ്ജിനു പോകുവാൻ സാധിക്കുന്നതരത്തിലാണു നിയമം  ഭേദഗതി ചെയ്തത്. രക്ഷിതാവിന്റെ സമ്മതപത്രം നോട്ടറി അറ്റസ്റ്റ് ചെയ്തതായിരിക്കണം.

സൌദി അറേബ്യൻ സർക്കാർ വെബ്സൈറ്റിന്റെ സ്ക്രീൻഷോട്ട്

2012-ൽ നൈജീരിയയിൽ നിന്നു ഹജ്ജിനു ചെന്ന ആയിരത്തോളം സ്‌ത്രീകളെ സൗദി സർക്കാർ മടക്കിയയച്ചത് വിവാദമായിരുന്നു. ഇതിനെതിരേ അന്താരാഷ്ട്രസമൂഹത്തിൽ നിന്നും പ്രതിഷേധസ്വരങ്ങൾ ഉയർന്നതിനെത്തുടർന്നാണു സൌദി 2015-ൽ നിയമം ഭേദഗതി ചെയ്തത്.

2018-22 കാലയളവിലേയ്ക്കുള്ള ഹജ്ജ് യാത്രാനയങ്ങൾ രൂപീകരിക്കുമ്പോൾ 45 വയസ്സിനു മുകളിൽ പ്രായമുള്ള സ്ത്രീകൾക്ക് മെഹ്രം ആവശ്യമില്ല എന്ന തീരുമാനമെടുക്കുവാൻ സാധിച്ചത് സൌദി ഈ നിയമം പരിഷ്കരിച്ചതുകൊണ്ടാണെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യവകുപ്പ് മന്ത്രി മുക്താർ അബ്ബാസ് നഖ്വി പറഞ്ഞതായി കൽക്കട്ട ആസ്ഥാനമായുള്ള ടെലഗ്രാഫ് ദിനപ്പത്രം റിപ്പോർട്ട് ചെയ്തിരുന്നു. 1300  സ്ത്രീകൾ ഈ നയം അനുസരിച്ച് ഹജ്ജിനു പോകുവാൻ അപേക്ഷ സമർപ്പിച്ചതായും നഖ്വി ടെലഗ്രാഫിനോട് ഇക്കഴിഞ്ഞ ഒക്ടോബർ 7-നു പറഞ്ഞിരുന്നുവെന്നും അവർ റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ കഴിഞ്ഞ ദിവസം മോദിയുടെ മൻ കി ബാത്തിൽ ഇക്കാര്യം പരാമർശിച്ചയുടൻ ‘മോദിജിയുടെ നിർദ്ദേശം പരിഗണിച്ച്, മെഹ്രം ഇല്ലാതെ അപേക്ഷ നൽകിയ 1300 സ്ത്രീകളെ  ഹജ്ജിനു പോകുവാനുള്ള നറുക്കെടുപ്പിൽ നിന്നും ഒഴിവാക്കി നേരിട്ട് അനുവാദം നൽകു’മെന്നു നഖ്വി ട്വീറ്റ് ചെയ്യുകയായിരുന്നു.

സൌദിയുടെ വിസാ നിയമത്തിൽ ഉണ്ടായ സ്വാഭാവികമായ ഒരു പരിഷ്കരണം ഇന്ത്യയും പിന്തുടർന്നു എന്നതിനപ്പുറം പുതിയതായി ഒന്നും സംഭവിച്ചിട്ടില്ല. ഇതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കുവാനുള്ള മോദിയുടെ നീക്കം പരിഹാസ്യവും അപലപനീയവുമാണെന്ന് നിരവധിപേർ അഭിപ്രായപ്പെട്ടിട്ടുണ്ട്.