ഡോക്ടർമാരുടെ സമരം: ആശുപത്രികളുടെ പ്രവർത്തനം സ്തംഭിച്ചു; രോഗികൾ വലഞ്ഞു

single-img
2 January 2018

കേന്ദ്ര സർക്കാരിന്റെ മെഡിക്കൽ നയത്തിനെതിരെ ഡോക്ടർമാർ നടത്തുന്ന പണിമുടക്ക് ആശുപത്രികളിലെത്തിയ രോഗികളെ വലച്ചു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെ നടക്കുന്ന പണിമുടക്കിനെ തുടർന്ന് പലയിടത്തും ആശുപത്രികളുടെയും പ്രവർത്തനം സ്തംഭിച്ചു. അത്യാഹിത വിഭാഗം മാത്രമാണ് പ്രവർത്തിക്കുന്നത്.

കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം രോഗികളുടെ നീണ്ട നിരയാണ്. സമരത്തേക്കുറിച്ച് അറിയാതെ എത്തിയ രോഗികളെ സമരം വലയ്ക്കുന്നുണ്ട്. സര്‍ക്കാര്‍ ആസ്പത്രികളില്‍ ഒരുമണിക്കൂര്‍ ഒ.പി. ബഹിഷ്‌കരണമാണ് പറയുന്നതെങ്കിലും പ്രവര്‍ത്തനം സ്തംഭിക്കാനാണ് സാധ്യത.
ബില്ലിലെ വിവാദവ്യവസ്ഥകളെ കുറിച്ചുള്ള ആശങ്കകള്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയെ ഐ.എം.എ. അറിയിച്ചിട്ടുണ്ട്. ബില്‍ പാസാക്കാന്‍ തിടുക്കം കാണിക്കുന്നതിനു പകരം പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ബില്ലിലെ വ്യവസ്ഥകള്‍ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് എം.ബി.ബി.എസ്. പഠനം അസാധ്യമാക്കുമെന്ന് സംഘടനയുടെ ദേശീയ അധ്യക്ഷന്‍ രവി വന്‍ഖേദ്കര്‍ കുറ്റപ്പെടുത്തി. വിദ്യാഭ്യാസത്തിന്റെ നിലവാരം താഴും. അഴിമതി വളര്‍ത്താനാണ് ഇത് ഉപകരിക്കുക.
മെഡിക്കല്‍ സീറ്റുകളിലെ ഫീസ് നിയന്ത്രിക്കുന്നതില്‍ സര്‍ക്കാരിന്റെ അധികാരം കുറയ്ക്കുന്ന വ്യവസ്ഥയാണ് ബില്ലില്‍ പ്രധാനമായും എതിര്‍ക്കുന്നത്. 40 ശതമാനം സീറ്റിലേ സര്‍ക്കാരിന് ഫീസ് നിയന്ത്രണം ഏര്‍പ്പെടുത്താനാകൂ. പണമുണ്ടെങ്കില്‍ മാര്‍ക്ക് വേണ്ടെന്ന സ്ഥിതിയുണ്ടാക്കുന്ന ഈ വ്യവസ്ഥ ഭേദഗതി ചെയ്യണമെന്നതാണ് ഐ.എം.എ.യുടെ ആവശ്യം.

ആയുഷ് ശാക്തീകരണത്തിന്റെ മറവില്‍ ആധുനിക വൈദ്യശാസ്ത്രത്തെ തകര്‍ക്കാനുള്ള നീക്കമാണ് ബില്ലിലൂടെ നടത്തുന്നതെന്നും അസോസിയേഷന്‍ ആരോപിച്ചു. ബ്രിഡ്ജ് കോഴ്സ് പാസായവര്‍ക്ക് അലോപ്പതി ഡോക്ടറായി പ്രാക്ടീസ് ചെയ്യാനാകുമെന്നും വ്യവസ്ഥയുണ്ട്. ഇതര വൈദ്യമേഖലകളിലുള്ളവരെ എം.ബി.ബി.എസ്. ഡോക്ടര്‍മാരായി പരിഗണിക്കാനാകില്ലെന്നും ഇവര്‍ പറയുന്നു.