ഡോക്ടർമാർ പണിമുടക്കിൽ; ആശുപത്രികളുടെ പ്രവർത്തനം തടസ്സപ്പെടും

single-img
2 January 2018

രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കുന്നു. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബന്ദിൽ കേരളത്തിലെ ഡോക്ടർമാരും പങ്കെടുക്കുന്നതിനാൽ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം ഇന്നു തടസ്സപ്പെട്ടേക്കും.

കേരളത്തിലെ മുപ്പതിനായിരത്തിലേറെ ഡോക്ടർമാർ ഇന്നു രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ പണിമുടക്കുമെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.ഇ.കെ.ഉമ്മർ അറിയിച്ചു. സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎയുടെ (കേരള ഗവ. മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ) നേതൃത്വത്തിൽ ഇന്നു രാവിലെ ഒൻപതു മുതൽ പത്തുവരെ സർക്കാർ ആശുപത്രികളിലെ ഒപി ബഹിഷ്കരിക്കും.

ഹോമിയോ-ആയുര്‍വേദ തുടങ്ങി അലോപ്പതി ഇതര മെഡിക്കല്‍ ശാഖകളില്‍ ബിരുദമുള്ളവര്‍ക്ക് ആറ് മാസത്തെ ഒരു കോഴ്സിനു ശേഷം അലോപ്പതി മരുന്നുകള്‍ കുറിച്ച് നല്‍കാന്‍ കരട് ദേശീയ മെഡിക്കല്‍ ബില്‍ അവകാശം നല്‍കുന്നുണ്ട്. ഈ ബില്‍ പാസ്സാക്കരുതെന്ന് ആവശ്യപ്പെട്ടാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മെഡിക്കല്‍ ബന്ദ് നടത്തുന്നത്.

ആധുനിക വൈദ്യശാസ്ത്രത്തെ തകർക്കാനുള്ള നടപടിയാണു കേന്ദ്രത്തിന്റേതെന്നു കെജിഎംഒഎ സംസ്ഥാന പ്രസിഡന്റ് ഡോ.വി.മധു, ജന.സെക്രട്ടറി ഡോ.എ.കെ.റഊഫ് എന്നിവർ ആരോപിച്ചു.