കേപ്ടൗണില്‍ ഇന്ത്യക്കെതിരെ സ്റ്റെയ്ന്‍ കളിക്കുമോ?: റെക്കോഡ് നേട്ടത്തിനായി കാത്ത് ദക്ഷിണാഫ്രിക്ക

single-img
1 January 2018

ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയ്ക്ക് വെള്ളിയാഴ്ച തുടക്കമാകാനിരിക്കെ എല്ലാ കണ്ണുകളും ഡെയ്ല്‍ സ്റ്റെയ്‌നിലാണ്. കളിക്കുകയാണെങ്കില്‍ പരമ്പരയുടെ വിധി നിശ്ചയിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന താരം സ്റ്റെയ്ന്‍ തന്നെയാകാനാണ് സാധ്യത.

വേദി ഇന്ത്യയാകട്ടെ, ദക്ഷിണാഫ്രിക്കയാകട്ടെ ഇന്ത്യക്കെതിരെ എന്നും മികച്ച റെക്കോഡുള്ള താരമാണ് സ്റ്റെയ്ന്‍. 13 ടെസ്റ്റുകളില്‍ നിന്ന് 63 വിക്കറ്റുകളാണ് സ്റ്റെയ്ന്‍ ഇന്ത്യക്കെതിരെ നേടിയിട്ടുള്ളത്. വീണ്ടുമൊരു പരമ്പരക്ക് അരങ്ങുണരുമ്പോള്‍ ആദ്യ ടെസ്റ്റില്‍ സ്റ്റെയ്ന്‍ ഉണ്ടാകുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്.

പ്രത്യേകിച്ചും സ്റ്റെയ്ന്‍ ഒരു ചരിത്ര നേട്ടത്തിന് അരികില്‍ നില്‍ക്കുമ്പോള്‍. 421 വിക്കറ്റുകള്‍ നേടിയിട്ടുള്ള ഷോണ്‍ പൊള്ളോക്കാണ് ടെസ്റ്റില്‍ ഏറ്റവും മികച്ച റെക്കോഡുള്ള ദക്ഷിണാഫ്രിക്കന്‍ താരം. പൊള്ളൊക്കിന്റെ റെക്കോഡിന് ഒപ്പമെത്താന്‍ സ്റ്റെയ്‌ന് നാല് വിക്കറ്റുകള്‍ കൂടി മതി.

ആദ്യ ടെസ്റ്റ് നടക്കുന്ന കേപ് ടൗണില്‍ സ്റ്റെയ്‌നിന്റെ റെക്കോഡ് മികച്ചതാണ്. ദക്ഷിണാഫ്രിക്കയിലെ വേഗവും ബൗണ്‍സും കൂടിയ പിച്ചുകളില്‍ ഒന്ന് കൂടിയാണ് കേപ് ടൗണ്‍. റെക്കോഡ് നേട്ടത്തിന് അനുയോജ്യമായ വേദി. പക്ഷെ ആദ്യ ഇലവനില്‍ സ്റ്റെയ്‌നെ ഉള്‍പ്പെടുത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

തോളിലെ പരിക്കിനെ തുടര്‍ന്ന് 14 മാസമായി സ്റ്റെയ്ന്‍ ടെസ്റ്റ് മല്‍സരങ്ങള്‍ കളിച്ചിട്ടില്ല. ശസ്ത്രക്രിയയെയും വിശ്രമത്തെയും തുടര്‍ന്ന് കഴിഞ്ഞ നവംബറില്‍ ട്വന്റി 20 മല്‍സരങ്ങളിലൂടെ മടങ്ങി വന്നെങ്കിലും പഴയ ഫോമിന്റെ അടുത്ത് പോലുമെത്തിയില്ല. സിംബാബ്വെയ്‌ക്കെതിരെ ക്രിസ്മസ് പിറ്റേന്ന് തുടങ്ങിയ ടെസ്റ്റിലും അവസാന നിമിഷം സ്റ്റെയ്‌നെ ഉള്‍പ്പെടുത്തിയില്ല.

സ്റ്റെയ്ന്‍ കളിച്ചില്ലെങ്കിലും ഫിലാന്ററും, റബാഡയും, മോര്‍ക്കലുമടങ്ങുന്ന ദക്ഷിണാഫ്രിക്കന്‍ പേസ് നിര ശക്തമാണ്. പക്ഷെ സ്റ്റെയ്ന്‍ കൂടിയുണ്ടെങ്കില്‍ മാത്രമെ ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ച് പരമ്പര യഥാര്‍ത്ഥ ആവേശത്തിലേക്കുയരൂ. മാത്രമല്ല, 34കാരനായ സ്റ്റെയ്‌നെ സംബന്ധിച്ച് ഒരുപാട് വര്‍ഷത്തെ ക്രിക്കറ്റ് ബാക്കിയില്ലെന്നതും ഒരു യാഥാര്‍ഥ്യമാണ്.