ഓര്‍മ്മശക്തി കൊണ്ട് അത്ഭുതം തീര്‍ത്ത് ആറു വയസ്സുകാരി ഇസ്ര

single-img
1 January 2018


ഓര്‍മ്മശക്തി കൊണ്ട് അത്ഭുതം തീര്‍ക്കുകയാണ് കോഴിക്കോട്ടെ ആറു വയസ്സുകാരി സുന്ദരി ഇസ്ര ഹബീബ്. കോഴിക്കോട് ഈസ്റ്റ് കല്ലായിയിലെ വളപ്പിലകത്ത് ഹൗസില്‍ ഹബീബിന്റെ മകളും രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയുമായ, ഈ മിടുക്കി ഓര്‍മ്മശക്തി കൊണ്ടാണ് മലയാളികളെയും ലോകത്തെയും അത്ഭുതപ്പെടുത്തുന്നത്.

110 രാജ്യങ്ങളുടെയും തലസ്ഥാനങ്ങളുടെയും പേരുകള്‍ വളരെ വേഗത്തില്‍ പറയുന്നു. ഇതിന് പുറമേ ലോകപ്രശസ്ത ശാസ്ത്രജ്ഞരെ അവരുടെ കണ്ടുപിടിത്തങ്ങളുടെ പേരിനൊപ്പം കൂട്ടി പറയും. പ്രധാന സംഭവങ്ങളുടെ വര്‍ഷങ്ങള്‍, ഇന്ത്യയിലെ ഭരണാധികാരികള്‍, എല്ലാം ഇസ്രയ്ക്ക് മന:പാഠമാണ്

മൂന്ന് വയസ്സ് മുതലാണ് ഇസ്ര കാര്യങ്ങള്‍ പഠിച്ചുതുടങ്ങിയത്. ഇന്ത്യയുടെ തലസ്ഥാനമാണ് ന്യൂഡല്‍ഹിയെന്ന് ഉപ്പ ഹബീബ് ഏതോ അവസരത്തില്‍ മകളോടു പറഞ്ഞിരുന്നു. പിന്നീട് മകള്‍ ഇക്കാര്യം ഓര്‍ത്തു പറഞ്ഞപ്പോഴാണ് കുഞ്ഞിന്റെ കഴിവ് വീട്ടുകാര്‍ മനസ്സിലാക്കിയത്.

110 രാജ്യങ്ങളടെ തലസ്ഥാനം, ഇന്ത്യയുടെ പ്രസിഡന്റുമാര്‍, പ്രധാനമന്ത്രിമാര്‍, ലോകാദ്ഭുതങ്ങള്‍, ലോക ഫുട്‌ബോളര്‍മാര്‍, യു.എന്‍. സെക്രട്ടറി ജനറല്‍മാര്‍, രാജീവ്ഗാന്ധി ഖേല്‍ രത്‌ന അവാര്‍ഡ് നേടിയവര്‍ തുടങ്ങി ഇസ്രയുടെ ഓര്‍മയില്‍ ഇടം നേടിയത് വലിയൊരു പൊതുവിജ്ഞാനശേഖരമാണ്.

ഭാരതരത്‌ന ജേതാക്കളുടെ പേരുകള്‍ പഠിക്കുന്നതിന്റെ തിരക്കിലാണ് ഇപ്പോള്‍ ഈ കൊച്ചു മിടുക്കി. ഇതിന് പുറമേ സ്‌പോര്‍ട്‌സിലും സംഗീതത്തിയും നൃത്തത്തിലും ഇസ്രക്ക് ഒരുപോലെ താല്‍പര്യമുണ്ട്. മകളെ കുറിച്ച് ഉപ്പ പറയുന്നതിങ്ങനെ ‘പറയുന്നത് ശ്രദ്ധയോടെ കേട്ടുനിന്ന് അവള്‍ മനപാഠമാക്കും.

ഒരിക്കലും അതില്‍ സംശയം പ്രകടിപ്പിക്കുക പോലുമുണ്ടായില്ല. ഫോട്ടോ കോപ്പി ഓര്‍മയെന്നാണ് ഡോക്ടര്‍മാര്‍ വിശേഷിപ്പിക്കുന്നത്. നേരത്തെ ബാലാവകാശ കമ്മിഷന്റെ അംഗീകാരം ഇസ്രയെ തേടിയെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് ഈ കൊച്ചു മിടുക്കിയെ അനുമോദിച്ചു.