ഗുജറാത്തിൽ മുസ്ലീങ്ങൾക്ക് വിലക്കുള്ള ഹാർബറിൽ മത്സ്യബന്ധനത്തിനുപോയതിനു മധ്യവയസ്കനെ ക്രൂരമായി മർദ്ദിച്ചു: ഇ വാർത്ത എക്സ്ക്ലൂസിവ്

single-img
1 January 2018


ഗുജറാത്തിൽ മുസ്ലീങ്ങൾക്ക് വിലക്കുള്ള ഹാർബറിൽ മത്സ്യബന്ധനത്തിനു പോയതിനു മധ്യവയസ്കനെ ഒരുകൂട്ടം ചെറുപ്പക്കാർ ചേർന്ന് ക്രൂരമായി മർദ്ദിച്ചു. ഗുജറാത്തിലെ ജുനഗഢ് ജില്ലയിലെ മാൻഗ്രോലിലാണു സംഭവം. ഗുരുതരമായി പരിക്കേറ്റ റംസാൻ എന്ന 50 വയസ്സുകാരനെ ജുനഗഢിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണു.

മാൻഗ്രോലിലെ ബന്ദർ പോർട്ട് സ്ഥിതി ചെയ്യുന്ന ഭാഗത്ത് മുസ്ലീം സമുദായത്തിൽപ്പെട്ടവർ ബോട്ട് കടലിൽ ഇറക്കുവാനോ മത്സ്യബന്ധനം നടത്തുവാനോ പാടില്ല എന്ന ഒരു അലിഖിത നിയമമുണ്ടെന്ന് അഹമ്മദാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജന സംഘർഷ് മഞ്ച് എന്ന സംഘടനയുടെ പ്രവർത്തകനും അഭിഭാഷകനുമായ ഷംഷാദ് പഠാൻ ഇ വാർത്തയോട് പറഞ്ഞു. ഖാർവ്വ എന്ന വിഭാഗത്തിൽപ്പെട്ടവർക്ക് മേൽക്കൈയുള്ള ഈ സ്ഥലത്ത് മുസ്ലീങ്ങൾക്ക് വിലക്കുണ്ട്.

ഡിസംബർ 30-നു രാത്രി സമീപത്തുള്ള ഒരു ദർഗയിലെ ഉറൂസ് കഴിഞ്ഞ് ബന്ദർ ഭാഗത്തുള്ള തന്റെ വാസസ്ഥലത്തേയ്ക്ക് പോകുന്നതിനിടെയാണു റംസാനെ നാലു യുവാക്കൾ വളഞ്ഞിട്ട് മർദ്ദിച്ചത്. അക്രമികളുടെ ലക്ഷ്യം പണമാണെന്ന് കരുതി തന്റെ കയ്യിലുള്ള 500 രൂപ അവർക്കു നൽകിയെങ്കിലും അതു കൈക്കലാക്കിയിട്ടും അവർ തന്നെ മർദ്ദിക്കുകയായിരുന്നു എന്നാണു റംസാൻ പറഞ്ഞതെന്ന് ഷംഷാദ് പഠാൻ ഇ വാർത്തയോട് പറഞ്ഞു.

ഹാർബറിൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ജോലികൾ ചെയ്തുവരികയായിരുന്നു റംസാൻ. എന്നാൽ മുസ്ലീമായ റംസാനു അവിടെ ജോലി ചെയ്യുന്നതിന്റെ പേരിൽ ഭീഷണികൾ ഉണ്ടായിരുന്നതായി ഷംഷാദ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ റംസാനെ മരിച്ചെന്നു കരുതി വഴിയിലുപേക്ഷിച്ച ശേഷം അക്രമികൾ രക്ഷപ്പെടുകയായിരുന്നു. പിന്നീടതു വഴി വന്ന റംസാന്റെ സമുദായത്തിൽപ്പെട്ട ചെറുപ്പക്കാരാണു അയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ പരിക്കുകൾ ഗുരുതരമായതിനാൽ മാൻഗ്രോലിലെ ആശുപത്രിയിലെ ഡോക്ടറുടെ നിർദ്ദേശപ്രകാരം ഇയാളെ ജുനഗഢിലെ ഒരു ആശുപത്രിയിലേയ്ക്ക് മാറ്റി.

മറൈൻ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. മുസ്ലീം സമുദായത്തിൽപ്പെട്ടവർക്കു നേരേ രാജ്യവ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തിന്റെപ്രതിഫലനമാണു ഈ ആക്രമണമെന്ന് ഷംഷാദ് പഠാൻ അഭിപ്രായപ്പെട്ടു.

 

ഫോട്ടോ: സുലൈമാൻ പട്ടേൽ

(Photo : Suleman Patel)