മലയാള സിനിമയില്‍ സൈബര്‍ ക്വട്ടേഷന്‍: പിന്നില്‍ ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന സൈബര്‍ സ്‌പെഷ്യലിസ്റ്റുകള്‍

single-img
1 January 2018

താരങ്ങള്‍ക്കു വേണ്ടി ഫാന്‍സുകാരുടെ പാലഭിഷേകവും പടക്കം പൊട്ടിക്കലും കൂവി തോല്‍പ്പിക്കലും വഴി മാറി സൈബര്‍ ക്വട്ടേഷനിലെത്തി നില്‍ക്കുകയാണ് മലയാള സിനിമാരംഗം. സോഷ്യല്‍ മീഡിയ പ്രധാന പ്രൊമോഷന്‍ ഇടമായതോടെ സൈബര്‍ രംഗത്ത് താരങ്ങളും നിര്‍മ്മാതാക്കളം വിതരണക്കാരും നടത്തുന്ന പോസിറ്റീവ് പ്രചാരണങ്ങള്‍ക്ക് പുറമെയാണ് സൈബര്‍ ക്വട്ടേഷന്‍.

ഇഷ്ടമില്ലാത്തവരെയും എതിര്‍ക്കപ്പെടേണ്ടവരുടെയും സിനിമയുടെ പ്രചാരണത്തിന്റെ യൂ ട്യൂബ് വീഡിയോ ഡിസ് ലൈക്ക് ചെയ്യുക, ഫെയ്‌സ് ബുക്ക് പേജില്‍ തെറികള്‍ കമന്റ് ചെയ്യുക, അപവാദ പ്രചാരണം തുടങ്ങിയ ആക്രമണങ്ങള്‍ക്ക് പ്രത്യേകമായി സൈബര്‍ ടീമിനെ ചുമതലപ്പെടുത്തുന്ന രീതിയാണ് സിനിമാ മേഖലയിലെ പുതിയ പ്രവണത.

ട്രോളുകള്‍ ഉണ്ടാക്കി അയക്കാനും മറ്റും ഫേസ് ബുക്കില്‍ നിരവധി വ്യാജ അക്കൗണ്ടുകള്‍ ഇവര്‍ക്ക് ഉണ്ട്. നടി പാര്‍വതി മമ്മൂട്ടിക്കെതിരെ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ ഫാന്‍സുകരുടെ അശ്ലില കമന്റില്‍ നിരവധി പേര്‍ക്കെതിരെ കേസെടുക്കുകയും രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

അറസ്റ്റിലായവര്‍ക്ക് ജോലി നല്‍കുമെന്ന് പ്രഖ്യാപിച്ച് കസബ സിനിമയുടെ പ്രൊഡ്യൂസര്‍ രംഗത്ത് വന്നത് സൈബര്‍ ക്വട്ടേഷന്‍ ടീമിനുള്ള പ്രോത്സാഹനമാണ്. നടി ആക്രമണ കേസില്‍ ദിലീപ് അറസ്റ്റിലായതിനു ശേഷം മലയാള സിനിമയിലുണ്ടായ ചേരി തിരിവ് സൈബര്‍ ആക്രമണങ്ങളില്‍ പ്രകടമാണ്.

ദിലീപ് അനുകൂലികള്‍ പ്രിഥ്വിരാജ്, പാര്‍വ്വതി, റിമ കല്ലിങ്കല്‍, ആഷിഖ് അബു തുടങ്ങിയവര്‍ക്കെതിരെ ശകതമായ പ്രചാരണങ്ങളാണ് നടത്തുന്നത്. ആഷിഖ് അബുവിന്റെ മായാനദി എന്ന സിനിമയ്‌ക്കെതിരെ വലിയ അപവാദ പ്രചാരണങ്ങള്‍ ഉണ്ടായി.

കഞ്ചാവ് ലോബിയുടെ ആളാണ് ആഷിഖ് എന്ന പ്രചാരണം വരെ നടന്നു. റിലീസ് ചെയ്യാനിരിക്കുന്ന ‘മൈ സ്റ്റോറി’ എന്ന ചിത്രത്തിന്റെ യൂ ടൂബിലെ ടീസര്‍ വീഡിയോ പതിനാറായിരം പേരാണ് ഡിസ് ലൈക്ക് ചെയ്തിരിക്കുന്നത്. പാര്‍വതിക്കും പ്രിഥ്വിരാജിനും എതിരെ തെറി വിളിയും അവരുടെ പേജുകളില്‍ അശ്ലീല കമന്റ്ുകളും വര്‍ദ്ദിച്ചു വരികയാണ്.

കേവലം ഫാന്‍സ് ടീം മാത്രമല്ല ഈ ആക്രമണങ്ങള്‍ക്ക് പിന്നില്‍ എന്നത് സിനിമാലോകം ആശങ്കയോടെയാണ് കാണുന്നത്. സോഷ്യല്‍ മീഡിയ രംഗത്ത് ലക്ഷങ്ങള്‍ വാങ്ങി നെഗറ്റീവ് പബ്ലിസിറ്റിക്ക് ക്വട്ടേഷന്‍ ഏറ്റെടുക്കുന്ന സൈബര്‍ സ്‌പെഷ്യലിസ്റ്റുകള്‍ കൊച്ചി ബാംഗ്ലൂര്‍ സിറ്റികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം ‘ക്വട്ടേഷന്‍ ടീമുകള്‍ ‘ പോലീസിന്റ നിരീക്ഷണത്തിലാണ്.